സൂര്യ എന്ന് വരുമെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴും എന്‍സിഎയില്‍ പരിചരണത്തിലാണ് അദ്ദേഹം.
മുംബൈ: സൂര്യകുമാര്‍ യാദവിന് മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം മത്സരവും നഷ്ടമായി. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കളിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഗ്രൗണ്ടിലെത്തിയില്ല. ഇന്നും ആരാധകര്‍ക്ക് നിരാശയാണുണ്ടായത്. സൂര്യകുമാറിന്റെ അഭാവം നന്നായി അറിയാനുമുണ്ട്.
സൂര്യ എന്ന് വരുമെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ഇപ്പോഴും എന്‍സിഎയില്‍ പരിചരണത്തിലാണ് അദ്ദേഹം. എന്‍സിഎയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇങ്ങനെ... ''സൂര്യ വളരെ മികച്ച പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ അദ്ദേഹം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തും. കുറച്ച് മത്സരങ്ങള്‍ കൂടി പുറത്തിരിക്കേണ്ടി വന്നേക്കാം. ബിസിസിഐയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യം പ്രധാനമാണ്. ടി20 ലോകകപ്പ് ആവുമ്പോഴേക്കും അദ്ദേഹം ഫിറ്റായി ഇരിക്കേണ്ടതുണ്ട്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് ശേഷം, അദ്ദേഹത്തെ തിടുക്കത്തില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.'' ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സൂര്യയില്ലാതെ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തില്‍ മുംബൈ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ശര്‍മ (0), നമന്‍ ധിര്‍ (0), ഡിവാള്‍ഡ് ബ്രേവിസ് (0), ഇഷാന്‍ കിഷന്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ (34) - തിലക് വര്‍മ സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു.
പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിയൂഷ് ചൗള (3), ടിം ഡേവിഡ് (17), ജെറാള്‍ഡ് കോട്‌സീ (4) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് പിന്നീട് നഷ്ടമായത്. ജസ്പ്രിത് ബുമ്ര (8), ആകാശ് മധ്‌വാള്‍ (4) പുറത്താവാതെ നിന്നു.

