നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. +0.528 നെറ്റ് റണ്‍റേറ്റുമുണ്ട്. ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. +0.387 നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്ക്.
ബംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന്റെ വിജയം നിര്‍ണായകമായത് രണ്ട് ടീമുകള്‍ക്ക്. ശനിയാഴ്ച്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരമാണ് നിര്‍ണായകമാവുക. ഇരുവര്‍ക്കും അവസാന മത്സരമാണ് നടക്കാനുള്ളത്. ഈ രണ്ട് ടീമുകളില്‍ ചെന്നൈക്ക് നേരിയ മൂന്‍തൂക്കമുണ്ട്. എന്നാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരെണ്ണം ജയിക്കുകയും സിഎസ്‌കെയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ആര്‍സിബി ജയിക്കുകയും ചെയ്താല്‍ നിലവിലെ ചാംപ്യന്മാര്‍ പുറത്താവും.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 14 പോയിന്റുണ്ട്. +0.528 നെറ്റ് റണ്‍റേറ്റുമുണ്ട്. ആര്‍സിബി 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. +0.387 നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്ക്. ഹൈദരാബാദ് 14 പോയിന്‍റുമായി നാലാമത്. എന്നാല്‍ അവര്‍ക്ക് രണ്ട് മത്സരം ബാക്കിയുണ്ട്. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി ഇത്രയും തന്നെ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 13 മത്സരം പൂര്‍ത്തിയാക്കിയ ലഖ്‌നൗവിന്റെ അക്കൗണ്ടില്‍ 12 പോയിന്റ് മാത്രമാണുള്ളത്.
പ്ലേ ഓഫ് ഉറപ്പിച്ച് സഞ്ജുവും സംഘവും! ലഖ്‌നൗവിനെതിരെ ഡല്‍ഹിക്ക് ജയം
കുറഞ്ഞ നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ ലഖ്‌നൗവും ഡല്‍ഹിയും പുറത്തായെന്ന് അനൗദ്യോഗികമായി പറയാം. -0.377 നെറ്റ് റണ്‍റേറ്റാണ് ഡല്‍ഹിക്ക്. ലഖ്‌നൗവിന് -0.787. ലഖ്‌നൗവിന്റെ അവസാന മത്സരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ്. മുംബൈക്കെതിരെ വലിയ അന്തരത്തില്‍ ലഖ്‌നൗ ജയിക്കുക ബുദ്ധിമുട്ടായിരിക്കും.
ഇരു ടീമുകളും തമ്മില്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ അന്തരമില്ലാത്തതിനാല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ 18 റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റില്‍ ചെന്നൈയെ മറികടക്കാനാവു. അതുപോലെ റണ്‍സ് പിന്തുടരുകയാണെങ്കില്‍ 11 പന്തുകളെങ്കിലും ബാക്കി നിര്‍ത്തി ആര്‍സിബി ലക്ഷ്യത്തിലെത്തുകയും വേണം.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാല്‍ മാത്രമെ ഹൈദരാബാദിന് ആദ്യ നാലില്‍ നിന്ന് പുറത്താവുമെന്ന് പേടിക്കേണ്ടതുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്സ് എന്നിവര്‍ക്കെതിരേയാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരങ്ങള്‍.

