പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്തായി. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താവുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ചെന്നൈ, ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ 19.2 ഓവറില്‍ 190ന് എല്ലാവരും പുറത്തായി. 47 പന്തില്‍ 88 റണ്‍സ് നേടിയ സാം കറനാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ (41 പന്തില്‍ 72), പ്രഭ്‌സിമ്രാന്‍ സിംഗ് (36 പന്തില്‍ 54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. പ്രിയാന്‍ഷ് ആര്യ (23), ശശാങ്ക് സിംഗ് (23) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ഓപ്പണര്‍മാരായ ഷെയ്ഖ് റഷീദ് (11), ആയുഷ് മാത്രെ (7), രവീന്ദ്ര ജഡേജ (17), എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. റഷീദിനെ അര്‍ഷ്ദീപ് സിംഗ്, ശശാങ്ക് സിംഗിന്റെ കൈകളിലെത്തിച്ചു. ആയുഷ്, മാര്‍കോ ജാന്‍സന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്കും ക്യാച്ച് നല്‍കി. ജഡേജ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പുള്ള പന്തിലും മടങ്ങി. ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നീട് കറന്‍ - ബ്രേവിസ് സഖ്യം കൂട്ടിചേര്‍ത്ത 78 റണ്‍സാണ് ചെന്നൈയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബ്രേവിസ് പുറത്തായിന് പിന്നാലെ ചെന്നൈ തകരുകയായിരുന്നു. ഒരറ്റത്ത് കറന്‍ പിടിച്ചുനിന്നത് മാത്രമാണ് ചെന്നൈക്ക് തുണയായത്. എം എസ് ധോണി (11), ദീപക് ഹൂഡ (2), അന്‍ഷൂല്‍ കാംബോജ് (0), നൂര്‍ അഹമ്മദ് (0), ശിവം ദുബെ (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 18 റണ്‍സിനിടെ അവര്‍ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. ചാഹലിന് പുറമെ അര്‍ഷ്ദീപ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിക്കുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കറന്‍, രവീന്ദ്ര ജഡേജ, ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.

പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, സൂര്യന്‍ഷ് ഷെഡ്ജ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.