പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില്‍ നിന്നുള്ള ചുവടുമാറ്റം

പോയ സീസണിലെ പത്താം സ്ഥാനം നോക്കി പരിഹസിച്ചവ‍‍ര്‍ക്ക് മുന്നിലേക്ക് സാക്ഷാല്‍ എം എസ് ധോണി തന്റെ ടീം ഷീറ്റ് നീട്ടി വെക്കും. റുതുരാജ് ഗെയ്‌ക്വാദ്, ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാൻ, ശിവം ദുബെ, ഉ‍ര്‍വില്‍ പട്ടേല്‍, മാത്യു ഷോര്‍ട്ട്...പിന്നെ, സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ അധ്യായം രചിച്ചവനും, സഞ്ജു വിശ്വനാഥ് സാംസണ്‍. ഫിലോസഫികളെയെല്ലാം തിരുത്തി ട്വന്റി 20 ക്രിക്കറ്റിന്റെ അതിവേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ ഒരു സംഘത്തെ ഒരുക്കിയിരിക്കുന്നു. ആറാം കിരീടത്തിനായി ചെപ്പോക്ക് കാത്തിരിക്കുന്നു, ചെന്നൈ സൂപ്പര്‍ കിങ്സ് എത്രത്തോളം ശക്തരാണ്.

പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില്‍ നിന്നുള്ള ചുവടുമാറ്റം. രണ്ട് മാസം നീളുന്ന ടൂര്‍ണമെന്റ് ജയിക്കാൻ കൂറ്റനടിക്കാര്‍ മാത്രം പോരയെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്, സ്ഥിരതയോടെ തുടരാൻ കഴിയുന്നവരും വേണം. അതിന് ചെന്നൈക്ക് ഒന്നല്ല, രണ്ട് ഉത്തരങ്ങളുണ്ട്. റുതുരാജും സഞ്ജുവും.

ചെന്നൈ നിരയിലെ സ്ഥിരതയുടെ മറ്റൊരു വാക്കാണ് റുതുരാജ്. 2025 പരുക്കുമൂലം നഷ്ടമായ റുതുരാജ് 2023, 24 സീസണുകളില്‍ അറുനൂറ് റണ്‍സോളം നേടിയിരുന്നു. നായകസമ്മര്‍ദത്തെ അതിജീവിക്കാനായാല്‍ വലം കയ്യൻ ബാറ്റര്‍ക്ക് സമാന പ്രകടനം പുറത്തെടുക്കാനായേക്കും.

ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തില്‍ പരീക്ഷണങ്ങളുടെ കൊടുമുടി താണ്ടിയ സഞ്ജു മറ്റാരേക്കാളും ആത്മവിശ്വാസത്തിലായിരിക്കും. ടി20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയ 321 റണ്‍സ്, ടൂര്‍ണമെന്റിന്റെ താരം, മൂന്ന് മാച്ച് വിന്നിങ് നോക്കുകള്‍. മഞ്ഞക്കുപ്പായത്തിലും സഞ്ജുവിന് അത് തുടരാനായാല്‍ ചെന്നൈ വില്‍ ബി ദ ടീം ടു ബീറ്റ്.

സഞ്ജുവിനും റുതുരാജിനും ചുറ്റും അണിനിരക്കുന്ന യുവനിര. ആയുഷ്, ബ്രെവിസ്, ഉര്‍വില്‍. മൂവരുടേയും പ്രകടനങ്ങളായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ചെന്നൈയെ എടുത്തുയര്‍ത്തിയത്. പകരക്കാരായെത്തി ടീമിന്റെ ഫിലോസഫിയെ തന്നെ പൊളിച്ചെഴുതാൻ പ്രേരിപ്പിച്ചവര്‍. അയുഷിന്റേയും ബ്രെവിസിന്റേയും 2025ലെ സ്ട്രൈക്ക് റേറ്റ് നൂറ്റി എണ്‍പതുകളിലാണ്, ഉര്‍വിലിന്റേത് 212ല്‍ എത്തി നില്‍ക്കുന്നു.

ഫിനിഷര്‍ റോളില്‍ വിശേഷണങ്ങളാവശ്യമില്ലാത്ത ധോണിയും ശിവം ദുബെയും. ലോകകപ്പിലെ ദുബെയുടെ കണ്‍സിസ്റ്റൻസിയും ഗെയിം ഡിഫൈനിങ് ക്യാമിയോകളും ക്രിക്കറ്റ് ലോകം കണ്ടതാണല്ലോ. വെറും ആറുച്ചാമി എന്ന ടൈറ്റിലില്‍ ആയിരിക്കില്ല ദുബെ ഇക്കുറി അവതിരിക്കുക. മോ‍ര്‍ മച്ചുവേ‍ഡ് ആൻഡ് റെസപോണ്‍സിബിള്‍.

14.2 കോടി വീതം മുടക്കി ടീമിലെത്തിച്ച പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയും. സെയ്ദ് മുഷ്താഖ് അലി ട്രോഫി മോശമാക്കിയില്ല 19കാരനായ കാര്‍ത്തിക്ക്, 160 സ്ട്രൈക്ക് റേറ്റില്‍ 133 റണ്‍സ്, അഞ്ച് കളിയില്‍ 11 സിക്സറുകള്‍. ഓള്‍ റൗണ്ടറായ പ്രശാന്ത് ആറ് ഇന്നിങ്സുകളില്‍ നിന്ന് 170 സ്ട്രൈക്ക് റേറ്റില്‍ 112 റണ്‍സും ഒൻപത് വിക്കറ്റുകളും. ചെന്നൈ മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകള്‍ ഒട്ടും പിഴച്ചിട്ടില്ല എന്ന് യുവതാരങ്ങള്‍ തെളിയിച്ചു. പക്ഷേ, ഇരുവര്‍ക്കും അന്തിമ ഇലവനില്‍ ഇവിടെ സ്ഥാനമുണ്ടാകുമെന്നതാണ് ചോദ്യം.

രവീന്ദ്ര ജഡേജയെ നഷ്ടമായെങ്കിലും ചെന്നൈയുടെ സ്പിൻ നിര ലോകോത്തരമാണ്. നൂര്‍ അഹമ്മദ്, ശ്രേയസ് ഗോപാല്‍, അക്കീല്‍ ഹൊസൈൻ, പ്രശാന്ത്, രാഹുല്‍ ചഹര്‍ എന്നിങ്ങനെ നീളുന്നു പട്ടിക. 2025ല്‍ 24 വിക്കറ്റുകളുമായി പട്ടികയില്‍ രണ്ടാമതുണ്ടായിരുന്നു നൂര്‍. ടി20 ലോകകപ്പില്‍ ഏഴ് വിക്കറ്റുകള്‍ നേടിയാണ് അക്കീല്‍ വരുന്നത്, ചെപ്പോക്കിലെ സാഹചര്യങ്ങള്‍ അക്കീലിനെ കൂടുതല്‍ അപകടകാരിയാക്കുമെന്നതില്‍ തര്‍ക്കങ്ങളില്ല.

ബാറ്റിങ് നിരയും സ്പിന്നര്‍മാരുമെല്ലാം നിറഞ്ഞാടാനൊരുങ്ങുമ്പോള്‍ ചെറിയ ആശങ്കയുള്ളത് പേസര്‍മാരിലാണ്. വിദേശ പേസര്‍മാരുടെ സാന്നിധ്യം കൂടുതലുള്ള പേസ് നിരയാണ് ചെന്നൈയുടേത്. ജേമി ഓവര്‍ട്ടണ്‍, നാഥാൻ എല്ലിസ്, മാറ്റ് ഹെൻറി, സാക്ക് ഫോക്സ് എന്നിവരാണ് പ്രധാനികള്‍. ഇന്ത്യൻ പേസര്‍മാരായി ഖലീല്‍ അഹമ്മദ്, മുകേഷ് ചൗദരി, ഗുര്‍ജപ്നീത് സിങ്, അൻഷുല്‍ കാമ്പോജ്, രാമകൃഷ്ണ ഘോഷ്.

സമ്മര്‍ദ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ കഴിയുന്ന താരങ്ങള്‍ എത്രപേരുണ്ട് എന്നതാണ് ചോദ്യം, പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍. ബുമ്രയെപ്പോലെ അല്ലെങ്കില്‍ ജോഷ് ഹേസല്‍വുഡിനെപ്പോലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനുള്ള ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നതും ആശങ്കയാണ്. ഇത് ബാറ്റിങ്ങിലൂടെ മറികടക്കുക എന്നതായിരിക്കും ചെന്നൈയുടെ ഗെയിം പ്ലാനുകളിലൊന്ന്. അത് സംഭവിച്ചാല്‍ ചെന്നൈക്ക് ആറാം കിരീടം സ്വപ്നം കാണാം.