മലയാളി താരം സഞ്ജു സാംസണ്‍ കൂടി മഞ്ഞയണിഞ്ഞ് പകിട്ടുയര്‍ത്താൻ എത്തിയതോടെ വരും സീസണിലെ ഏറ്റവും അപകടകാരികളായ ടീമായി മാറുമോ റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന സംഘം 

വയസൻ പടയില്‍ നിന്ന് ജെൻ സി വൈബിലേക്ക് ചുവടുമാറ്റുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മഞ്ഞക്കടലിന് നടുക്ക് എം എസ് ധോണി തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ചുറ്റും അടിമുടി യുവത്വം മാത്രം. മലയാളി താരം സഞ്ജു സാംസണ്‍ പകിട്ടുയര്‍ത്താൻ എത്തിയതോടെ വരും സീസണിലെ ഏറ്റവും ഡേയ്ഞ്ചറസ് സൈഡ് ആകുമോ റുതുരാജ് ഗെയ്ക്വാദിന്റെ സംഘം. ഐപിഎല്‍ മിനിലേലത്തിന് മുൻപുള്ള ചെന്നൈയുടെ അളന്നുമുറിച്ചുള്ള തീരുമാനങ്ങള്‍ നല്‍കുന്ന സൂചനയും മറ്റൊന്നുമല്ല. രണ്ട് വ‍ര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആ സുവ‍ര്‍ണകിരീടം ചെപ്പോക്കിലെ തിരിച്ചെത്തിക്കുക തന്നെ.

10-ാം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ട 2025 സീസണിലെ ചെന്നൈയുടെ ഏറ്റവും വലിയ പോരായ്ക്ക് എം എസ് ധോണി തന്നെ ഉത്തരം നല്‍കിയിരുന്നു. പവര്‍പ്ലേയിലും മധ്യഓവറുകളിലും സ്കോറിങ്ങിന് വേഗതകൂട്ടാൻ ബാറ്റര്‍മാര്‍ക്ക് സാധിക്കുന്നില്ല. അല്ലെങ്കില്‍ ചെന്നൈ നിരയിലെ ബാറ്റര്‍മാരുടെ ശൈലി ട്വന്റി 20യുടെ വേഗതയ്ക്ക് ഒപ്പമുള്ളതല്ല എന്നത്. പോയ സീസണില്‍ പ്രതിക്കൂട്ടില്‍ ഉണ്ടായിരുന്നത് ഡെവൊണ്‍ കോണ്‍വെ, രച്ചിൻ രവീന്ദ്ര, രാഹുല്‍ ത്രിപാതി, വിജയ് ശങ്ക‍ര്‍ തുടങ്ങിയ താരങ്ങളായിരുന്നു. ഇവരിലായിരുന്നു മുൻനിരയുടേയും മധ്യനിരയുടേയും ഉത്തരവാദിത്തം.

മേല്‍പ്പറഞ്ഞ അഞ്ചുപേരില്‍ ഒരാള്‍ക്ക് പോലും 135 ന് മുകളില്‍ സ്ട്രൈക്ക് റേറ്റുണ്ടായിരുന്നില്ല. അസാധാരണ വേഗതകൈവരിക്കുന്ന ട്വന്റി 20 ക്രിക്കറ്റും ഐപിഎല്ലും. ഇവിടെ ത്രിപാതിയുടേയും ഹൂഡയുടേയും സ്ട്രൈക്ക് റേറ്റ് പോലും നൂറിന് താഴെയായിരുന്നു. അതുകൊണ്ട് തന്നെ അഞ്ചംഗ സംഘത്തില്‍ ഒരാളെപ്പോലും നിലനിര്‍ത്താൻ ചെന്നൈ വിസമ്മതിച്ചു. എന്നാല്‍, മറുവശത്ത് പകരക്കാരായെത്തിയ യുവനിര ചെന്നൈക്ക് സീസണിനൊടുവില്‍ പുതുജീവൻ സമ്മാനിച്ചിരുന്നു. ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ഉര്‍വില്‍ പട്ടേല്‍ എന്നിവര്‍. ഇവരുടെ പ്രകടനങ്ങള്‍ പലരും പടിയിറങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു.

കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് 188 സ്ട്രൈക്ക് റേറ്റിലാണ് 240 റണ്‍സ് ആയുഷ് മാത്രെ എടുത്തത്. 11 സിക്സറുകള്‍. 180 സ്ട്രൈക്ക് റേറ്റിലായിരുന്നു ബ്രെവിസ് 225 റണ്‍സ് നേടിയത്, 17 സിക്സറുകള്‍. ഉ‍ര്‍വില്‍ പട്ടേലിന്റെ സ്ട്രൈക്ക് റേറ്റാകട്ടെ 200ന് മുകളിലും. ഇവിടേക്കാണ് ഉജ്വല ഫോമിലുള്ള റുതുരാജ് ഗെയ്ക്ക്വാദും കൂറ്റനടിക്കാരൻ ശിവം ദുബെയും ധോണിയുമെത്തുന്നതും ഒപ്പം സഞ്ജു സാംസണ്‍ ചേര്‍ക്കപ്പെടുന്നതും. ചെന്നൈയെ നേരിടാനിറങ്ങുന്ന ബൗളര്‍മാര്‍ക്ക് വരും സീസണ്‍ നരകമായാല്‍ അത്ഭുതപ്പെടാനില്ല. നിലനിര്‍ത്തിയതും റിലീസ് ചെയ്തതുമായ ബാറ്റര്‍മാരുടെ പട്ടിക നോക്കിയാല്‍ ചെന്നൈ വാസ് സ്പോട്ട് ഓണ്‍.

എന്നാല്‍, രവീന്ദ്ര ജഡേജയുടേയും സാം കറണിന്റെയും പടിയിറക്കം ഒരു സ്റ്റാര്‍ ഓള്‍ റൗണ്ടറുടെ വിടവ് ചെന്നൈ നിരയില്‍ കൊണ്ടുവന്നിട്ടുണ്ട്. അത് നികത്തുക എന്നതായിരിക്കും മിനി ലേലത്തിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 16 താരങ്ങളെ നിലനിര്‍ത്തിയ ചെന്നൈക്ക് ഒൻപത് സ്ലോട്ടാണ് ഇനി ബാക്കിയുള്ളത്, ഇതില്‍ നാല് വിദേശതാരങ്ങളായിരിക്കണം. പോക്കറ്റില്‍ ബാക്കിയുള്ളത് 43.4 കോടി രൂപയാണ്. അതുകൊണ്ട് ഒരു വിദേശ ഓള്‍റൗണ്ടറെയടക്കം മിനിലേലത്തില്‍ റാഞ്ചാൻ സാധ്യതയുണ്ട്.

സാം കറണിനാണ് പകരക്കാരനെ തേടുന്നതെങ്കില്‍ കൊല്‍ക്കത്ത റിലീസ് ചെയ്ത ആന്ദ്രെ റസല്‍, പഞ്ചാബ് താരമായിരുന്ന ഗ്ലെൻ മാക്സ്‌വെല്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കാമറൂണ്‍ ഗ്രീൻ, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ മുന്നിലുണ്ട്. ചെപ്പോക്കിന്റെ വിക്കറ്റും സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ സ്പിന്ന‍ര്‍മാരായ മാക്‌സ്‌വെല്ലിനും ലിവിങ്സ്റ്റണിനുമാണ് സാധ്യതകൂടുതല്‍. മാക്‌സ്‌വെല്‍ ചെന്നൈയിലേക്കെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും യാഥാ‍ര്‍ത്ഥ്യമായിരുന്നില്ല.

ഇനി ബൗളിങ് നിരയാണ് ചെന്നൈ സജ്ജമാക്കേണ്ടത്. മതീഷ പതിരനയെ ചെന്നൈ ഭാവിയിലേക്ക് മാറ്റിവെച്ച താരമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും നിരന്തരമുള്ള പരുക്ക് മൂലം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയിതാണ് റിലീസ് ചെയ്യാൻ കാരണമായത്. 2025ല്‍ 13 വിക്കറ്റുകള്‍ നേടിയെങ്കിലും എക്കണോമി പത്തിന് മുകളിലായിരുന്നു, 13 കോടിയായിരുന്നു മൂല്യം. ഖലീല്‍ അഹമ്മദ്, നാഥാൻ എല്ലിസ്, നൂര്‍ അഹമ്മദ്, അൻഷുല്‍ കാമ്പോജ് എന്നിവരായിരിക്കും വരും സീസണിലെ പ്രധാന ആസ്ത്രങ്ങള്‍.

എന്നാല്‍, ജഡേജ, രവി അശ്വിൻ എന്നിവരുടെ അഭാവം നൂര്‍ അഹമ്മദിന്റെ സ്പിൻ പിന്തുണ കുറച്ചിട്ടുണ്ട്. ശ്രേയസ് ഗോപാലിന്റെ സാന്നിധ്യമുണ്ടെങ്കിലും ചെന്നൈ ക്വാളിറ്റി സ്പിന്നര്‍മാരെ തേടി ലേലത്തിലിറങ്ങിയേക്കും. രവി ബിഷ്ണോയ്, വിഘ്നേഷ് പുത്തൂര്‍, മുജീബ് ഉ‍ര്‍ റഹ്മാൻ, മഹേഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ആദം സാമ്പ, രാഹുല്‍ ചഹര്‍ തുടങ്ങിയ നിരവധി ഓപ്ഷനുകളും മുന്നിലുണ്ട്. ഇനി മറ്റൊന്ന് നാഥാൻ എല്ലിസിന് ബാക്ക് അപ്പായൊരു പേസറാണ്. ലുംഗി എൻഗിഡി, ജെറാള്‍ഡ് കോറ്റ്സി, ഷമാര്‍ ജോസഫ്, സ്പെൻസര്‍ ജോണ്‍സണ്‍ എന്നിങ്ങനെ ഒരു നിരതന്നെ ലേലത്തിലുണ്ട്.

പോയ സീസണിലെ പ്രധാന വെല്ലുവിളികളെല്ലാം മറികടന്നാണ് ചെന്നൈ ഒരുങ്ങിയിരിക്കുന്നത്, പ്രത്യേകിച്ചും ബാറ്റിങ് നിരയില്‍. ഇനി ബൗളിങ് നിരയിലെ വിടവുകളും മികച്ച ഓള്‍ റൗണ്ടര്‍മാരേക്കൂടി എത്തിക്കാനായില്‍ ചെന്നൈ വില്‍ ബി ദ ടീം ടു ബീറ്റ്. സഞ്ജു സാംസണിന്റെ വരവ് ധോണിയുടെ പടിയിറക്കത്തിന്റെകൂടി സൂചനയാണ്. അതുകൊണ്ട് 2026 ഐപിഎല്‍ ചെന്നൈ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നുണ്ടാകില്ല.