പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതിനകം സ്പിന്നര്‍മാരെ പോലെ തന്നെ പേസര്‍മാരും മികവ് കാട്ടുന്നുണ്ട്

വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് പിച്ചുകളിലെ സ്പിന്‍ കെണി പ്രസിദ്ധമാണ്. പര്യടനത്തിനെത്തുന്ന വിദേശ ടീമുകളുടെ പേടിസ്വപ്നം ഇവിടുത്തെ സൂപ്പര്‍ താരങ്ങളെക്കാള്‍ പിച്ചിന്‍റെ സ്വഭാവമാണ്. സ്പിന്നര്‍മാരുടെ പന്തുകള്‍ കുത്തിത്തിരിയുന്ന ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ ബാറ്റേന്തുക വിദേശ താരങ്ങള്‍ക്ക് എളുപ്പമല്ല. ഇന്ത്യന്‍ പിച്ചുകളെ എക്കാലവും വിമര്‍ശിക്കുന്ന ഇവര്‍ ഏഷ്യക്ക് പുറത്തെ പുല്‍ നിറഞ്ഞ പിച്ചുകളെ കുറിച്ച് മൗനം പാലിക്കുകയും ചെയ്യും. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ പിച്ചുകള്‍ ചര്‍ച്ചയായിരിക്കേ തന്‍റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. 

പിച്ചുകള്‍ നിര്‍മിക്കുന്നതില്‍ തനിക്കോ ടീമിനോ യാതൊരു ഇടപെടലുമില്ല എന്നാണ് രാഹുല്‍ ദ്രാവിഡ് വാദിക്കുന്നത്. 'ക്യുറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. വന്‍ ടേണുകള്‍ ലഭിക്കുന്ന പിച്ചുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടാറില്ല. തീര്‍ച്ചയായും ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നിനെ അനുകൂലിക്കുന്നതാണ്. പിച്ച് എത്രത്തോളം സ്പിന്നിന് അനുകൂലമാണ്, അനുകൂലമല്ല എന്ന് പറ‍യാന്‍ ഞാന്‍ വിദഗ്ദനല്ല. ഇന്ത്യയിലെ പിച്ചുകള്‍ സ്വാഭാവികമായും നാല്, അഞ്ച് ദിവസങ്ങളില്‍ ടേണ്‍ ചെയ്യും' എന്നുമാണ് രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍. 

പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇതിനകം സ്പിന്നര്‍മാരെ പോലെ തന്നെ പേസര്‍മാരും മികവ് കാട്ടുന്നത് ആരാധകര്‍ കണ്ടിരുന്നു. വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റ് പ്രകടനം ഇംഗ്ലീഷ് വെറ്ററന്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്സണും തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ ആവശ്യാനുസരം നിര്‍മിക്കുന്ന പിച്ചുകളാണ് ഇന്ത്യയിലേത് എന്ന വിമര്‍ശനം നാളുകളായുണ്ട്. എന്നാല്‍ ഈ പരിഹാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ ഇപ്പോഴത്തെ പ്രതികരണം. 

Read more: മൂഡ് പോയി, മൂഡ് പോയി; തോറ്റതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് 'മുങ്ങി' ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം