അഞ്ച് ടെസ്റ്റുകളുടെ രണ്ട് മാസം നീണ്ട പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്

വിശാഖപട്ടണം: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അവധിയാഘോഷിക്കാനായി അബുദാബിയിലേക്ക് പോയതായി റിപ്പോര്‍ട്ട്. വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെയാണ് ബെന്‍ സ്റ്റോക്‌സും സംഘവും കടല്‍ കടന്നത്. മൂന്നാം ടെസ്റ്റിന് ഒരാഴ്ചയിലേറെ ഇടവേള ലഭിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ മത്സരാധിക്യത്തിന്‍റെ ക്ഷീണം കുറയ്ക്കാന്‍ അബുദാബിയിലേക്ക് പോയത്. 

അഞ്ച് ടെസ്റ്റുകളുടെ രണ്ട് മാസം നീണ്ട പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. രണ്ട് ടെസ്റ്റുകള്‍ മാത്രമേ ഇതിനകം പൂര്‍ത്തിയായിട്ടുള്ളൂ. ഹൈദരാബാദിലെ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന് വിജയിച്ച് ബെന്‍ സ്റ്റോക്‌സും സംഘവും പരമ്പര കെങ്കേകമായി തുടങ്ങി. എന്നാല്‍ വിശാഖപട്ടണം വേദിയായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രക്കും രവിചന്ദ്രന്‍ അശ്വിനും മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ തോല്‍വി രുചിച്ചു. 106 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്‍റെ തോല്‍വി. ഇതിന് പിന്നാലെയാണ് ഇംഗ്ലണ്ട് താരങ്ങള്‍ ഇടവേളയെടുത്ത് അബുദാബിയിലേക്ക് പോയത്. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 10 ദിവസം നീണ്ട ഇടവേള മൂന്നാം മത്സരത്തിന് മുമ്പ് ഇരു ടീമിനുമുണ്ട്. 

അതേസമയം രാജ്കോട്ട് ടെസ്റ്റിന് മുമ്പുള്ള ഇടവേളയില്‍ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിന്‍റെ ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ന് ടെസ്റ്റ് ടീം പ്രഖ്യാപനമുണ്ടാകും എന്നാണ് കരുതുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്ന വിരാട് കോലി പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ പരിക്കില്‍ തുടരുമ്പോള്‍ കെ എല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് സൂചന. ശ്രേയസ് അയ്യര്‍, രജത് പാടിദാര്‍, മുകേഷ് കുമാര്‍ എന്നിവരുടെ ടീമിലെ സാന്നിധ്യം ചോദ്യചിഹ്നവുമാണ്. ടീം പ്രഖ്യാപനത്തിന് പിന്നാലെ പുതിയ താരങ്ങള്‍ സ്ക്വാഡിനൊപ്പം ചേരും. 

Read more: നടുങ്ങി ക്രിക്കറ്റ് ലോകം; തോക്കിന്‍മുനയില്‍ താരം മിനുറ്റുകള്‍, ഫോണും ബാഗും കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം