2003ലും 2007ലും ലോക കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിന് തുല്യമാണ് നിലവിലെ ടീം ഇന്ത്യ എന്ന് ഷെയ്‌ന്‍ വാട്‌സണ്‍

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ടീം ഇന്ത്യയുടെ പ്രകടനത്തെ പ്രശംസകൊണ്ട് മൂടി ഓസ്ട്രേലിയൻ മുൻ ഓൾറൗണ്ടര്‍ ഷെയ്‌ൻ വാട്‍സൻ. തുടര്‍ച്ചയായി ലോക കിരീടം നേടിയ ഓസീസ് ടീമിനോടാണ് ടീം ഇന്ത്യയെ വാട്‌സൻ ഉപമിച്ചത്. ചേസിംഗിൽ സച്ചിനേക്കാൾ കേമൻ വിരാട് കോലിയാണ് എന്നും ഷെയ്‌ന്‍ വാട്‌സണ്‍ പറഞ്ഞു. ലോകകപ്പില്‍ ഏഴ് ജയങ്ങളുമായി ടീം ഇന്ത്യ കുതിപ്പ് തുടരുന്നതിനിടെയാണ് വാട്‌സണിന്‍റെ പ്രതികരണം. 

2003ലും 2007ലും ലോക കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിന് തുല്യമാണ് നിലവിലെ ടീം ഇന്ത്യ എന്ന് ഷെയ്‌ന്‍ വാട്‌സണ്‍ പറയുന്നു. 2007 ലോകകപ്പിൽ ഓസീസ് ടീമിൽ അംഗമായതിന്‍റെ അനുഭവത്തിലാണ് വാട്‌സണിന്‍റെ ഈ പ്രതികരണം. 'ആദ്യ രണ്ട് മത്സരങ്ങൾ കണ്ടപ്പോൾ തന്നെ ദൗര്‍ബല്യമില്ലാത്ത ടീമിനെ രോഹിത് ശര്‍മ്മയിലും സംഘത്തിലും കണ്ടു. എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. പകരക്കാരനില്ലാത്ത താരമാണ് ഹാര്‍ദിക് പാണ്ഡ്യ. നിലവിലെ ടീം ഇന്ത്യയെ തോൽപിക്കൽ ഓസ്ട്രേലിയക്ക് കഠിനമാണ്. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഓസീസിന്‍റേത് ഉഗ്രൻ മടങ്ങിവരവാണ്. ചേസിംഗിൽ സച്ചിനേക്കാൾ കേമൻ വിരാട് കോലിയാണ്' എന്നും ഷെയ്‌ന്‍ വാട്‌സണ്‍ വ്യക്തമാക്കി. 

ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. പോയിന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നും ദക്ഷിണാഫ്രിക്ക രണ്ടും സ്ഥാനങ്ങളിലാണ്. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീം ഇന്ത്യയാണ്. ഇതിനകം സെമിഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയുടെ ഒരു വാര്‍ത്ത എന്നാല്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ടൂര്‍ണമെന്‍റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. നോക്കൗട്ടിന് മുമ്പ് നെതര്‍ലന്‍ഡ്‌സിന് എതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. 

Read more: നോക്കൗട്ടിന് തൊട്ടുമുമ്പ് ഇരുട്ടടി; ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പില്‍ നിന്ന് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം