Asianet News MalayalamAsianet News Malayalam

ചെന്നൈ മക്കള്‍ ഒറ്റയ്‌ക്കല്ല, കൂടെയുണ്ട്; കൈത്താങ്ങായി അശ്വിന്‍, ഡികെ, ശ്രീലങ്കന്‍ താരം, വിവിധ ടീമുകള്‍

മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്

Cyclone Michaung Updates Sports fraternity offer support to flood victims in Chennai
Author
First Published Dec 5, 2023, 8:02 AM IST

ചെന്നൈ: മിഗ്‌ജൗമ് തീവ്രചുഴലിക്കാറ്റിനോട് അനുബന്ധിച്ചുള്ള കനത്ത മഴയിലും കാറ്റിലും മുങ്ങിയിരിക്കുകയാണ് ചെന്നൈ നഗരത്തിലെ വിവിധയിടങ്ങള്‍. കഴിഞ്ഞ 30 മണിക്കൂറിലേറെ സമയത്ത് റെക്കോര്‍ഡ് മഴയാണ് വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതുവരെ നാല് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതം താറുമാറായി. കനത്ത മഴ ദുരിതപ്പെയ്‌ത്തായിരിക്കേ ചെന്നൈ മക്കള്‍ക്ക് നിര്‍ദേശങ്ങളും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരങ്ങളും ടീമുകളും. 

പ്രളയസമാന സാഹചര്യമാണ് ചെന്നൈ നഗരം നേരിടുന്നത്. കനത്ത മഴയും കാറ്റും ജനജീവിതം താറുമാറാക്കിയിരിക്കുന്നു. ഇതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി ക്രിക്കറ്റ് താരങ്ങളായ രവിചന്ദ്രന്‍ അശ്വിനും ദിനേശ് കാര്‍ത്തിക്കും മഹീഷ് തീക്ഷനയും രംഗത്തെത്തി. മഴ അവസാനിച്ചാലും എല്ലാം സാധാരണ നിലയിലാവാന്‍ സമയമെടുക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കാന്‍ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായായിരുന്നു അശ്വിന്‍റെ ട്വീറ്റ്. എല്ലാവരോടും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ ആവശ്യപ്പെട്ട ദിനേശ് കാര്‍ത്തിക്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാവരെയും അഭിനന്ദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോട് എല്ലാവരും സഹകരിക്കണം എന്നും ഡികെ ട്വീറ്റ് ചെയ്‌തു. ചെന്നൈയെ രണ്ടാം വീട് എന്ന് വിശേഷിപ്പിച്ച ശ്രീലങ്കയുടെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും താരമായ മഹീഷ് തീക്ഷന എല്ലാ പിന്തുണയും ജനങ്ങള്‍ക്ക് അറിയിച്ചു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അധികൃതരും ചെന്നൈയിന്‍ എഫ്‌സിയും ചെന്നൈയെ ചേര്‍ത്തുപിടിച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. 

മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി വീശുന്നതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. നിലവില്‍ ചെന്നൈ തീരത്ത് നിന്ന് നീങ്ങിയ മിഗ്ജൗമ് ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് 110 കീലോമീറ്റര്‍ വേഗതയില്‍ കര തൊടുമെന്നാണ് പ്രവചനം. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ ഇന്നും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Read more: കനത്ത മഴ തുടരുന്നു, 4 മരണം, ചെന്നൈയിൽ ഇന്നും അവധി, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios