ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്‌ല്‍ സ്റ്റെയ്‌ന്‍ ടി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് സ്റ്റെയ്‌നെ പരിഗണിക്കുന്നതെന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്ക് എതിരെയാണ് സ്റ്റെയ്‌ന്‍ അവസാനമായി ടി20 കളിച്ചത്. 

ഫെബ്രുവരി 12നാണ് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ടി20 ആരംഭിക്കുന്നത്. ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ച ഫാഫ് ഡുപ്ലസിസ്, കാഗിസോ റബാഡ, ആന്‍റിച്ച് നോര്‍ജെ, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ് എന്നിവര്‍ ടി20 പരമ്പരയില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദിന പരമ്പരയില്‍ ഡുപ്ലസിക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡി കോക്കാണ് പ്രോട്ടീസിനെ നയിക്കുക. ഫെബ്രുവരി നാലിന് ഏകദിന പരമ്പര ആരംഭിക്കും 

ഈ വര്‍ഷം ഒക്‌ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേയാണ് സ്റ്റെയ്‌നെ പരിഗണിക്കുന്നത് എന്നതാണ് സൂചന. അന്താരാഷ്‌ട്ര ടി20യില്‍ 44 മത്സരങ്ങളില്‍ 61 വിക്കറ്റുകള്‍ സ്റ്റെയ്‌ന്‍ വീഴ്‌ത്തിയിട്ടുണ്ട്. മുപ്പത്തിയാറുകാരനായ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാത്ത താരം ഓസ്‌ട്രേലിയയിലെ ബിഗ്‌ ബാഷ് ടി20 ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. 

വരുമോ എബിഡിയും തിരികെ

അതേസമയം ലോകകപ്പ് മുന്‍നിര്‍ത്തി ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനെ തിരിച്ചെത്തിക്കാനും ക്രിക്കറ്റ് സൗത്താഫ്രിക്ക ശ്രമം നടത്തുന്നുണ്ട്. ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് ഡിവില്ലിയേഴ്‌സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഗ് ബാഷ് ലീഗിൽ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റിന് വേണ്ടി 40 റൺസ് നേടിയതിന് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ വെളിപ്പെടുത്തൽ. 2018 മെയ് മാസത്തിലാണ് ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.