ജൊഹാനസ്ബര്‍ഗ്: ടി20 ലോകകപ്പിന് മുന്നോടിയായി എ ബി ഡിവില്ലിയേഴ്സ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മറ്റൊരു സൂപ്പര്‍ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്ക. പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനെ ആണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ടീമില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുത്തിയത്.  

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്റ്റെയിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി അവസാനം ടി20 ടീമില്‍ കളിച്ചത്. ചുമലിന് പരിക്കേറ്റ് സ്റ്റെയിന്‍ ദീര്‍ഘകാലമായി ടീമില്‍ നിന്ന് പുറത്തായിരുന്നു. പുതുമുഖ ബാറ്റ്സ്മാന്‍ പിറ്റെ വാന്‍ ബില്‍ജോണ്‍, പേസര്‍ സിസാന്ദ മഗല എന്നിവരും ടീമിലുണ്ട്. അടുത്ത ബുധനാഴ്ചയാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം.

ക്വിന്റണ്‍ ഡീ കോക്കാണ് ടീമിന്റെ നായകന്‍.ടി20 ലോകകപ്പിന് ഇനി അധികം സമയമില്ലാത്തതിനാല്‍ ടീമിലേക്കായി നിരവധി താരങ്ങളെ പരീക്ഷിക്കേണ്ടതുണ്ടെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു. എന്നാല്‍ ഡിവില്ലിയേഴ്സ് എപ്പോള്‍ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.