പരിക്കേറ്റ പാറ്റ് കമ്മിന്‍സിന്റെ അഭാവം ടീമിനെ ബാധിക്കില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കോച്ച് ഡാനിയല്‍ വെട്ടോറി.
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തി. പരിക്ക് മൂലം പുറത്തിരിക്കുന്ന സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവം മൈതാനത്ത് ടീമിനെ ബാധിക്കുന്നില്ലെന്ന് മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി വ്യക്തമാക്കി.
കമ്മിന്‍സിന്റെ തിരിച്ചുവരവ് വൈകും
പുറം വേദനയെത്തുടര്‍ന്ന് പാറ്റ് കമ്മിന്‍സിന് ഇതുവരെ ടീമിനൊപ്പം ചേരാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുതല്‍ ഏകദേശം ആറു മാസത്തിലേറെയായി അദ്ദേഹം വിശ്രമത്തിലാണ്. 2025 ഡിസംബറില്‍ നടന്ന ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരത്തില്‍ കളിച്ചെങ്കിലും വീണ്ടും പരിക്ക് വില്ലനാകുകയായിരുന്നു. നിലവില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞു തുടങ്ങിയെങ്കിലും പൂര്‍ണ്ണ കായികക്ഷമത കൈവരിക്കാത്തതിനാല്‍ സീസണിന്റെ പകുതിയോടെ മാത്രമേ കമ്മിന്‍സ് ടീമിലേക്ക് മടങ്ങിയെത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്മിന്‍സിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന ഇഷാന്‍ കിഷനെ വെട്ടോറി പ്രശംസിച്ചു. ''പാറ്റ് ടീമിനൊപ്പം തന്നെയുണ്ട്. തന്റെ ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് ഇഷാനുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. ഇത് ഞങ്ങള്‍ക്ക് വലിയ സഹായമാണ്. എന്നാല്‍ ഇഷാന്‍ തന്റെ നായകസ്ഥാനത്ത് ഇതിനകം തന്നെ വിജയിച്ച വ്യക്തിയാണ്. ശൈലികള്‍ വ്യത്യസ്തമായിരിക്കാം, എങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്.'' വെട്ടോറി പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും ഇഷാന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ക്യാപ്റ്റന്‍സി ഇഷാന്റെ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികച്ച സ്വാധീനം ചെലുത്തുന്നുണ്ടെന്നും ടീമിനെ നയിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും വെട്ടോറി കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധാകേന്ദ്രമായി ഇഷാന്‍ കിഷന്‍
ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ വെറും 38 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാനെ ഫില്‍ സാള്‍ട്ടിന്റെ അവിശ്വസനീയമായ ഒരു ക്യാച്ചാണ് പുറത്താക്കിയത്. മുന്‍നിര ബാറ്റിംഗില്‍ ഇഷാന്റെ ഈ ഫോം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും ടീമിന് നിര്‍ണായകമാകും.

