ഓപ്പണിംഗില്‍ നിന്ന് മാറി മൂന്നാം നമ്പറിലേക്ക് ഇറങ്ങാന്‍ രോഹിത് സ്വയം തയ്യാറാകണമെന്ന് കനേറിയ ആവശ്യപ്പെട്ടു

മൊഹാലി: ടി20 ലോകകപ്പിന് മുമ്പ് നിര്‍ണായകമായ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാതെ വന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ വിമര്‍ശിച്ച് പാക് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയ. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയിട്ടും 9 പന്തില്‍ 11 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഓപ്പണിംഗില്‍ നിന്ന് മാറി മൂന്നാം നമ്പറിലേക്ക് ഇറങ്ങാന്‍ രോഹിത് സ്വയം തയ്യാറാകണമെന്ന് കനേറിയ ആവശ്യപ്പെട്ടു. 

'രോഹിത് ശര്‍മ്മ ആവശ്യത്തിന് റണ്‍സ് കണ്ടെത്തുന്നില്ല. അത് ഏഷ്യാ കപ്പിലും നാം കണ്ടതാണ്. മികച്ച തുടക്കം കിട്ടുന്നു, പക്ഷേ വമ്പന്‍ ഇന്നിംഗ്‌സുകളാക്കി മാറ്റാനാകുന്നില്ല. മൂന്നാം നമ്പറിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് രോഹിത് ശര്‍മ്മ സ്വയം ചിന്തിക്കണം. വിരാട് കോലി ഓപ്പണറാവട്ടെ. അല്ലെങ്കില്‍ വിരാടിനെയും രോഹിത്തിനേയും ഓപ്പണറാക്കി മൂന്നാം നമ്പറിലിറങ്ങാന്‍ കെ എല്‍ രാഹുലിനോട് ആവശ്യപ്പെടണം' എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ അഫ്‌ഗാനെതിരെ ഓപ്പണറായി ഇറങ്ങിയ കോലി സെഞ്ചുറിവരള്‍ച്ച അവസാനിപ്പിച്ചത് ഓര്‍മ്മിപ്പിച്ചാണ് കനേറിയയുടെ വാക്കുകള്‍. 

മൊഹാലിയില്‍ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടി20 ഓസീസ് നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് സ്വന്തമാക്കിയത്. ഓപ്പണറായിറങ്ങി 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും ഫിനിഷറുടെ റോളില്‍ 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് വിജയശില്‍പികള്‍. നേരത്തെ 35 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലും പിന്നാലെ 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സിക്‌സര്‍മഴയുമായി 30 പന്തില്‍ പുറത്താകാതെ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ 208 എന്ന വമ്പന്‍ സ്കോറിലെത്തിച്ചത്. 

അടിവാങ്ങിക്കൂട്ടി ഉമേഷ് യാദവിന്‍റെ ഉന്നമില്ലാ ഏറ്; എയറിലാക്കി ആരാധകര്‍, ഹര്‍ഷലിനും കണക്കിന് കിട്ടി