സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ കാട്ടിക്കൂട്ടിയ കാര്യങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണെന്ന് ഹര്ഭജന് പറഞ്ഞു.
ദില്ലി: ഓസ്ട്രേലിയൻ മുൻ താരം ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന കാലഘട്ടത്തെക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്. അന്നത്തെ ഇന്ത്യൻ മാനേജ്മെന്റിന്റെ ഏറ്റവും മോശം തീരുമാനമായിരുന്നു ഗ്രെഗ് ചാപ്പലിനെ ഇന്ത്യൻ കോച്ചാക്കിയത് എന്നും, ടീമിനെ 'ഭിന്നിപ്പിച്ചു ഭരിക്കൽ' നയം നടപ്പിലാക്കി ഡ്രസിംഗ് റൂമിലെ ഐക്യം തകർത്തത് ചാപ്പലാണെന്നും പ്രഖർ ഗുപ്ത പോഡ്കാസ്റ്റിൽ സംസാരിക്കവെ ഹർഭജൻ വെളിപ്പെടുത്തി.
സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയും ടീമിനുള്ളിൽ കാട്ടിക്കൂട്ടിയ കാര്യങ്ങളും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണെന്ന് ഹര്ഭജന് പറഞ്ഞു. കളിക്കാരെ തമ്മിലടിപ്പിച്ച് ഭരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. 2003 ലോകകപ്പിൽ മികച്ച സൗഹൃദത്തോടെ കളിച്ച കളിക്കാർ തമ്മിൽ സംസാരിക്കാത്ത അവസ്ഥയിലായി. അത്രയും മികച്ച ഒരു ടീമിനെ അദ്ദേഹം തല്ലിത്തകർത്തുവെന്നും ഹര്ഭജന് വ്യക്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അക്കാലത്ത് ഓസ്ട്രേലിയൻ ടീമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ശേഷിയുണ്ടായിരുന്ന ഏക ടീം ഇന്ത്യയായിരുന്നുവെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒത്തൊരുമയോടെ കളിച്ചാൽ ഓസ്ട്രേലിയയ്ക്ക് ഭീഷണിയാകുമെന്ന് കണ്ട്, ടീമിനെ തകർക്കാനാണോ ചാപ്പൽ ബോധപൂർവം ഭിന്നത വിതച്ചതെന്ന് സംശയമുണ്ടെന്നും ഹര്ഭജൻ കൂട്ടിച്ചേർത്തു. 2005 ജൂണിലാണ് ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായി ചുമതലയേൽക്കുന്നത്. എന്നാൽ തുടർച്ചയായ വിവാദങ്ങൾക്കൊടുവിൽ 2007 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതോടെയാണ് ചാപ്പൽ യുഗം അവസാനിച്ചത്.
