തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ ഡേവ് വാട്‌മോര്‍ സ്ഥാനമൊഴിഞ്ഞു. മൂന്ന് വര്‍ഷം കേരള ടീമിനോടൊപ്പം ചെലവഴിച്ച വാട്‌മോര്‍ സിംഗപ്പൂര്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. 

ഇതോടെ അടുത്ത സീസണില്‍ പുതിയ കോച്ചിന് കീഴിലാവും കേരളം കളിക്കുക. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മൂന്ന് വര്‍ഷം മുന്‍പ് ചുമതലയേറ്റ
വാട്‌മോര്‍ സ്ഥാനമൊഴിഞ്ഞത്. വാട്‌മോറിന് കീഴില്‍ രഞ്ജി ട്രോഫിയുടെ സെമിയിലെത്തി കേരളം ചരിത്രം കുറിച്ചിരുന്നു. 

ഈ സീസണില്‍ തുടങ്ങിയ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും പുതിയ കോച്ചിനെ പിന്നീട് നിയമിക്കുമെന്നും കെസിഎ വ്യക്തമാക്കി. ടീമിലെ മറുനാടന്‍ താരങ്ങളായ ക്യാപ്റ്റന്‍ ജലജ് സക്‌സേനയും റോബിന്‍ ഉത്തപ്പയും അടുത്ത സീസണിലും തുടരുമെന്നാണ് സൂചന.