Asianet News Malayalam

ഈ തലമുറയിലെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്‌മാന്‍റെ പേരുമായി മില്ലര്‍

വിരാട് കോലിയെ സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് അടുത്തിടെ രംഗത്തെത്തിയിരുന്നു.

David Miller names his favourite batsman in current era
Author
Cape Town, First Published Jun 3, 2021, 2:24 PM IST
  • Facebook
  • Twitter
  • Whatsapp

കേപ്‌ടൗണ്‍: സമകാലിക ക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്ന് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിനാണ് കോലിയുടെ പേര് മില്ലര്‍ പറഞ്ഞത്. 

വിരാട് കോലിയെ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട് അടുത്തിടെ രംഗത്തെത്തിയിരുന്നു. 'ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റിലും മറ്റാരേക്കാളും വിജയത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള താരമാണ് കോലി. അദേഹത്തിന്റെ പ്രകടനങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. ടീമിന് വിജയം വേണ്ടപ്പോഴെല്ലാം കോലി തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരം കോലിയാണ്. കോലിക്ക് പകരമാവാന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്നൊരാളില്ല' എന്നായിരുന്നു ബട്ടിന്‍റെ പ്രതികരണം. 

ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോലി. ടെസ്റ്റില്‍ 52.37 ഉം ഏകദിനത്തില്‍ 59.07 ഉം ടി20യില്‍ 52.65യുമാണ് കോലിയുടെ ശരാശരി. 91 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട ശതകങ്ങളും സഹിതം 7490 റണ്‍സ് കിംഗ് കോലി സ്വന്തമാക്കി. 254 ഏകദിനങ്ങളിലാവട്ടെ 43 ശതകങ്ങള്‍ സഹിതം 12169 റണ്‍സ് അടിച്ചുകൂട്ടി. അന്താരാഷ്‌ട്ര ടി20യില്‍ 89 മത്സരങ്ങളില്‍ 28 അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 3159 റണ്‍സ് നേടിയതും കോലിയുടെ മികവ് കാട്ടുന്നു. 

റണ്‍വേട്ടയില്‍ മാത്രമല്ല, സെഞ്ചുറികളുടെ എണ്ണത്തിലും കോലിയെ വെല്ലാന്‍ സമകാലിക ക്രിക്കറ്റിലാരുമില്ല. നിലവില്‍ 70 അന്താരാഷ്‌ട്ര സെഞ്ചുറികള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(100), റിക്കി പോണ്ടിംഗ്(71) എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. പോണ്ടിംഗ് 668 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 71 സെഞ്ചുറി നേടിയതെങ്കില്‍ തൊട്ടുപിന്നിലെത്താന്‍ കോലിക്ക് 482 ഇന്നിംഗ്‌സുകളേ വേണ്ടിവന്നുള്ളൂ. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ് വിരാട് കോലിയുടെ അടുത്ത മത്സരം. ജൂണ്‍ 18-ാം തിയതി മുതല്‍ ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ കിരീടപ്പോരാട്ടം തുടങ്ങും. മത്സരത്തിനായി കോലിപ്പട ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും കോലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ കളിക്കുന്നുണ്ട്. നോട്ടിംഗ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് തുടങ്ങുക. 

ഐപിഎല്‍ പതിനാലാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ ഡേവിഡ് മില്ലര്‍ കളിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ 102 റണ്‍സ് നേടിയപ്പോള്‍ 62 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. 

സമകാലിക ഇതിഹാസത്തെ പോലെ ബാറ്റ് ചെയ്യാന്‍ ഗാവസ്‌കറിന് മോഹം; ആളൊരു തീപ്പൊരി

കോണ്‍വേയുടെ ക്ലാസ് സെഞ്ചുറി; തകര്‍ന്നത് ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഐപിഎല്‍: യുഎഇയിലേക്കില്ലാത്ത വിദേശ താരങ്ങള്‍ക്ക്' സാലറി കട്ട്'- റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios