ബ്രിസ്‌ബേന്‍: ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയപ്പോഴൊക്കെ വിവാദങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടിം പെയ്‌നിന്റെ സ്ലെഡ്ജിംഗ്, സ്റ്റീവന്‍ സ്മിത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാറ്റിവരച്ച സംഭവം, രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ പുറത്ത് പോയത്, ബ്രിസ്‌ബേനില്‍ ക്വാറന്റൈനില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന ഇന്ത്യന്‍ ടീമിന്റെ നിലപാട്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കെതിരെ നടന്ന വംശീയാധിക്ഷേപം. ഇങ്ങനെ നീളുന്നു വിവാദങ്ങളുടെ നിര. 

ഇതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു വംശീയാധിക്ഷേപം. കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് മാപ്പ് പറയേണ്ടിവന്നു. ഇപ്പോള്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപത്തില്‍ പാത്രമായ സിറാജിനോട് വാര്‍ണറും മാപ്പ് പറഞ്ഞു.

വാര്‍ണറുടെ വാക്കുകള്‍ ഇങ്ങനെ... ''സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുന്നു. വംശീയാധിക്ഷേപം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഓസീസ് കാണികളില്‍ നിന്ന് നല്ല പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്.'' വാര്‍ണര്‍ വ്യക്തമാക്കി. നേരത്തെ സ്ലെഡ്ജ് ചെയ്തതില്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഗാര്‍ഡ് മാറ്റിവരച്ച സംഭവത്തില്‍ അദ്ദേഹം സ്മിത്തിനെ പ്രതിരോധിക്കുകയായിരുന്നു.

പെയ്‌നിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു... ''എതിരാളികള്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്മിത്ത് പലപ്പോഴും ക്രീസിലെത്തി ഷാഡോ ബാറ്റിംഗ് ചെയ്യാറുണ്ട്. ക്രീസില്‍ താന്‍ എങ്ങനെ കളിക്കുമെന്ന് നോക്കുന്ന രീതിയാണിത്. മത്സരത്തിനിടെ നാലോ അഞ്ചോ തവണ സ്മിത്ത് ഇങ്ങനെ ചെയ്യാറുണ്ട്. ഇതിനിടെ ഗാര്‍ഡ് മാര്‍ക്ക് ചെയ്യുന്നതും സ്മിത്തിന്റെ ശീലമാണ്. സിഡ്‌നിയിലും ഇതാണ് സംഭവിച്ചതെന്നും പെയ്ന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം ബ്രിസ്‌ബേനില്‍

അതേസമയം, ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബ്രിസ്‌ബെയ്‌നിലെത്തി. സ്റ്റേഡിയത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ മറ്റ് താമസക്കാരില്ലെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ താരങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുള്ളൂ. 

ഇതോടൊപ്പം മുറി വൃത്തിയാക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ താരങ്ങള്‍ തന്നെ ചെയ്യണം. ഇതില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതൃപ്തിയുണ്ട്. മുന്‍പ് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഹോട്ടലില്‍ ഇല്ലെന്നും താരങ്ങള്‍ പരാതിപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.