142 മത്സരങ്ങള്‍ നീണ്ട ഏകദിന കരിയറില്‍ ഇതാദ്യമായാണ് വാര്‍ണര്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ഓപ്പണറല്ലാതെ ബാറ്റിംഗിനിറങ്ങുന്നത് പോലും ഇത് രണ്ടാം തവണ മാത്രമാണ്.

ചെന്നൈ: ഡേ വിഡ് വാര്‍ണര്‍ എന്ന പേരുകേട്ടാല്‍ തന്നെ ഓസ്ട്രേലിയക്കായി വെടിച്ചില്ല് തുടക്കം നല്‍കുന്ന ഓപ്പണറെയാണ് ആദ്യം ഓര്‍മവരിക. എന്നാല്‍ ചെന്നൈയില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഡേവിഡ് വാര്‍ണര്‍ ടീമിലുണ്ടായിട്ടും ഓസ്ട്രേലിയക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്നായിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ മാര്‍ഷ്-ഹെഡ് സഖ്യം ചെന്നൈയിലും ഓസീസിന് ഭേദപ്പെട്ട തുടക്കം നല്‍കുകയും ചെയ്തു.

പത്തോവറില്‍ 61 റണ്‍സടിച്ച ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഹാര്‍ദ്ദിക് പാണ്ഡ്യ ട്രാവിസ് ഹെഡിനെ കുല്‍ദീപ് യാദവിന്‍റെ കൈകളിലെത്തിച്ചശേഷം വണ്‍ ഡൗണായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തായിരുന്നു. ഡേവിഡ് വാര്‍ണറെ പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ് സ്മിത്ത് ഇറങ്ങിയത്. എന്നാല്‍ സ്മിത്തിന് ക്രീസില്‍ മൂന്ന് പന്തിന്‍റെ ആയുസേ ഉണ്ടായുള്ളു. തന്‍റെ രണ്ടാം ഓവറില്‍ സ്മിത്തിനെ മടക്കി ഹാര്‍ദ്ദിക് ഓസീസിന് ഇരട്ടപ്രഹമേല്‍പ്പിച്ചു. അതിനുശേഷം നാലാമാനായാണ് വാര്‍ണര്‍ ക്രീസിലെത്തിയത്.

റിഷഭ് പന്തിന് പകരക്കാരായി, ഒടുവില്‍ പന്തിനെ തന്നെ മറികടന്ന് നേട്ടം സ്വന്തമാക്കി കെ എല്‍ രാഹുല്‍

142 മത്സരങ്ങള്‍ നീണ്ട ഏകദിന കരിയറില്‍ ഇതാദ്യമായാണ് വാര്‍ണര്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്നത്. ഓപ്പണറല്ലാതെ ബാറ്റിംഗിനിറങ്ങുന്നത് പോലും ഇത് രണ്ടാം തവണ മാത്രമാണ്. 2015ലെ ഏകദിന ലോകകപ്പില്‍ സ്കോട്‌ലന്‍ഡിനെതിരെ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതാണ് ഇതിനു മുമ്പ് വാര്‍ണര്‍ ടീമിലുണ്ടായിട്ടും ഓപ്പണറായി ഇറങ്ങാത്ത ഏക മത്സരം. 31 പന്തില്‍ 23 റണ്‍സെടുത്ത് നല്ല തുടക്കമിട്ടെങ്കിലും കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കി വാര്‍ണര്‍ മടങ്ങി. നേരത്തെ ടെസ്റ്റ് പരമ്പരക്കുളള ടീമിലുണ്ടായിരുന്ന വാര്‍ണര്‍ രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ് മടങ്ങിയിരുന്നു. ഏകദിന പരമ്പരക്കുളള ടീമിലിടം നേടിയെങ്കിലും ആദ്യ രണ്ട് ഏകദിനങ്ങളിലും വാര്‍ണര്‍ക്ക് ടീമിലിടം ലഭിച്ചിരുന്നില്ല.