49-ാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടിയ ഗോവക്ക് രാമകൃഷ്ണ ഘോഷ് എറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗോവക്കെതിരെ മഹാരാഷ്ട്ര നേടിയത് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു നേടിയത്. 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗോവക്ക് ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 11 റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മത്സരത്തില്‍ 48-ാം ഓവര്‍ എറിഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ രാമകൃഷ്ണ ഘോഷ് ഓവര്‍ മെയ്ഡിനാക്കിയതോടെ ഗോവയുട ലക്ഷ്യം 12 പന്തില്‍ 11 റണ്‍സായി.

49-ാം ഓവറില്‍ അഞ്ച് റണ്‍സ് കൂടി നേടിയ ഗോവക്ക് രാമകൃഷ്ണ ഘോഷ് എറിഞ്ഞ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 48-ാം ഓവറിന്‍റെ തനിയാവര്‍ത്തനമെന്നോണം 50ാം ഓവറും മെയ്ഡിനാക്കിയ രാമകൃഷ്ണ ഘോഷ് ടീമിന് സമ്മാനിച്ചത് അഞ്ച് റണ്‍സിന്‍റെ അവിശ്വസീനയ ജയം. 67 പന്തില്‍ 57 റണ്‍സുമായി ക്രീസില്‍ നിന്ന ലളിത് യാദവിന് രാമകൃഷ്ണ ഘോഷിന്‍റെ അവസാന ഓവറില്‍ ഒരു റണ്‍ പോലും നേടാനായില്ല. 16 പന്തില്‍ നാലു റണ്‍സുമായി പതിനൊന്നാമനായ വാസുകി കൗശിക്ക് ആണ് ലളിത് യാദവിനൊപ്പം ക്രീസിലുണ്ടായിരുന്നത്. 48-ാം ഓവറില്‍ ഒരു റണ്‍ പോലും നേടാന്‍ കഴിയാതിരുന്ന വാസുകി കൗശിക്കിന് സ്ട്രൈക്ക് നല്‍കിയാല്‍ വിക്കറ്റ് നഷ്ടമായി തോല്‍വി വഴങ്ങുമെന്ന ഭീതിയില്‍ അവസാന ഓവറിലെ മുഴുവന്‍ പന്തുകളും നേരിട്ട ലളിത് യാദവ് റണ്ണെടുക്കാതിരുന്നതോടെ ഗോവ അഞ്ച് റണ്‍സിന്‍റെ നാടകീയ തോൽവി വഴങ്ങുകയായിരുന്നു.മത്സരത്തില്‍ 10 ഓവറിൽ രണ്ട് മെയ്ഡിന്‍ അടക്കം 35 റൺസ് മാത്രം വഴങ്ങിയ ഘോഷ് ഒരു വിക്കറ്റ് വീഴ്ത്തി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ രാമകൃഷ്ണ ഘോഷ് വാലറ്റത്ത് മികച്ച ബാറ്ററുമാണ്. ഇന്നലെ ഗോവക്കെതിരെ 25 പന്തില്‍ 14 റണ്‍സെടുത്ത ഘോഷ് മുംബൈക്കെതിരായ മത്സരത്തില്‍ 27 പന്തില്‍ 64 റണ്‍സും പഞ്ചാബിനെതിരെ 73 റണ്‍സുമെടുത്ത് തിളങ്ങിയിരുന്നു. ഹിമാചല്‍പ്രദേശിനെതിരായ മത്സരത്തില്‍ 42 റണ്‍സിന് ഏഴ് വിക്കറ്റും ഘോഷ് വീഴ്ത്തിയിരുന്നു. മഹാരാഷ്ട്രയും ഗോവയും നേരത്തെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിനാല്‍ ഇന്നലത്തെ മത്സരഫലത്തിന് പ്രസക്തിയില്ലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക