Asianet News MalayalamAsianet News Malayalam

'അകറ്റി നിര്‍ത്താന്‍ ഞാനൊരു ക്രിമിനലല്ല'; ക്യാപ്റ്റന്‍സി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ച് വാര്‍ണര്‍

2018ല്‍ തന്നെ വിലക്കാന്‍ തീരുമാനിച്ച നാലു ദിവസത്തേക്കാള്‍ പീഡനമാണ് ഇത്രയും കാലം താന്‍ അനുഭവിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു. ഇത് തീര്‍ത്തും നിരാശാജനകമാണ്. 2018ല്‍ നാലു ദിവസം കൊണ്ടാണ് അവര്‍ എന്നെ വിലക്കിയത്.

David Warner hits out at Australia board says he is not a criminal
Author
First Published Nov 21, 2022, 7:34 PM IST

സിഡ്നി: പന്തു ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ നായകസ്ഥാനത്തേക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് വാര്‍ണര്‍. താന്‍ ഒരു ക്രിമിനലല്ലെന്നും ക്യാപ്റ്റന്‍സി നല്‍കില്ലെന്ന നിലപാട് മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറാവണമെന്നും വാര്‍ണര്‍ പറഞ്ഞു. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ണറെ ഒരുവര്‍ഷത്തേക്ക് വിലക്കുകയും ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 2018ല്‍ തന്നെ വിലക്കാന്‍ തീരുമാനിച്ച നാലു ദിവസത്തേക്കാള്‍ പീഡനമാണ് ഇത്രയും കാലം താന്‍ അനുഭവിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു. ഇത് തീര്‍ത്തും നിരാശാജനകമാണ്. 2018ല്‍ നാലു ദിവസം കൊണ്ടാണ് അവര്‍ എന്നെ വിലക്കിയത്. പിന്നീട് ഒമ്പത് മാസം വിലക്കി. എന്‍റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും തെളിയിക്കാനുള്ള സ്ഥാനം ലഭിക്കുക എന്നത് എല്ലായ്പ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്രയും കാലം വലിയ മാനസിക പീഡനത്തിലൂടെയാണ് താനും തന്‍റെ കുടുംബവും തനിക്കൊപ്പം കുറ്റം ചാര്‍ത്തപ്പെട്ടവരും കടന്നുവന്നതെന്നും വാര്‍ണര്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിജയ് ഹസാരെ ട്രോഫി: അരുണാചലിനെതിരെ തമിഴ്‌നാടിന് കൂറ്റന്‍ ജയം; ലോക റെക്കോര്‍ഡ്

ക്യാപ്റ്റന്‍ സ്ഥാനത്ത് ടീം അംഗങ്ങളുടെയും മുന്‍ താരങ്ങളുടെയുമെല്ലാം പിന്തുണ തനിക്ക് ലഭിക്കുമെന്നും വാര്‍ണര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടം അനുസരിച്ച് ദീര്‍ഘകാല അച്ചടക്ക നടപടിക്കെതിരെ മൂന്നംഗ സമിതിക്ക് അപ്പീല്‍ നല്‍കാം. ഇതനുസരിച്ച് തന്‍റെ ക്യാപ്റ്റന്‍സി വിലക്കിനെതിരെ വാര്‍ണര്‍ക്ക് മൂന്നംഗ സമിതിക്ക് അപ്പീല്‍ നല്‍കാനാവും.

ആരോണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റ് മതിയാക്കിയതോടെ പേസ് ബൗളര്‍ പാറ്റ് കമിന്‍സിനെ ഓസ്ട്രേലിയയുടെ ഏകദിന നായകനായി അടുത്തിടെ തെരഞ്ഞെടുത്തിരുന്നു. കമിന്‍സ് തന്നെയാണ് ടെസ്റ്റിലും ഓസീസിനെ നയിക്കുന്നത്. ടി20 ക്രിക്കറ്റില്‍ ഫിഞ്ചിന്‍രെ പകരക്കാരനായി എത്താനാണ് വാര്‍ണര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios