ലണ്ടന്‍: ഇംഗ്ലണ്ടിലെ ദ് ഹണ്ട്രഡ് ലീഗില്‍ നിന്ന് ഓസീസ് വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ പിന്‍മാറി. സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് ലഭ്യമാകാന്‍ വേണ്ടിയാണ് വാർണറുടെ പിന്‍മാറ്റം എന്നാണ് റിപ്പോർട്ട്. സതേണ്‍ ബ്രേവിനായാണ് വാർണർ കളിക്കേണ്ടിയിരുന്നത്. 

ഐപിഎല്‍ നടക്കുന്നുണ്ടെങ്കില്‍ വാർണർ എത്തും

അതേസമയം വാർണർ ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വാർണറുടെ മാനേജറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സീസണ്‍ നടക്കുമെങ്കില്‍ വാർണർ കളിച്ചിരിക്കും എന്നാണ് അദേഹത്തിന്‍റെ വാക്കുകള്‍. സണ്‍റൈസേഴ്‍സ് ഹൈദരാബാദിന്‍റെ നായകന്‍ കൂടിയാണ് ഡേവിഡ് വാർണർ.

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാർണർ അടക്കമുള്ള ഓസീസ് താരങ്ങള്‍ ഇന്ത്യയിലേക്കില്ല എന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഐപിഎല്ലില്‍ നിന്ന് പിന്‍മാറാന്‍ 17 താരങ്ങളോട് ക്രിക്കറ്റ് ഓസ്‍ട്രേലിയ ആവശ്യപ്പെട്ടു എന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രാദേശിക മാധ്യമത്തിന്‍റെ റിപ്പോർട്ട്. വാർണറെ കൂടാതെ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്‍മിത്ത്, ഗ്ലെന്‍ മാക്സ്‍വെല്‍ എന്നീ സൂപ്പർ താരങ്ങള്‍ ഈ പട്ടികയിലുണ്ട്. 

ഐപിഎല്‍ പതിമൂന്നാം സീസണ്‍ എപ്പോള്‍ തുടങ്ങും എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല. മാർച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സീസണിലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക