ഓസ്ട്രേലിയക്കെതിരെ റിഷഭിന്‍റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. അതിനിടെ ഐപിഎല്ലില്‍ ആരാകും റിഷഭിന് പകരം ഡല്‍ഹിയെ നയിക്കുക എന്ന ചര്‍ച്ചകളും സജീവമാണ്.

ദില്ലി: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ആരാധകര്‍. റിഷഭ് പന്ത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കളിക്കളത്തിലേക്ക് തിരിച്ചെത്തട്ടേയെന്നും ലോകമെങ്ങും പ്രാര്‍ഥിക്കുകയാണിപ്പോള്‍. അപകടത്തിലേറ്റ പരിക്ക് മൂലം റിഷഭ് പന്തിന് ആറ് മാസമെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെയെങ്കില്‍ ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും അതിനുശേഷം മാര്‍ച്ച് അവസാനം തുടങ്ങുന്ന ഐപിഎല്ലും റിഷഭ് പന്തിന് പൂര്‍ണമായും നഷ്ടമാവും. ടെസ്റ്റില്‍ കഴിഞ്ഞവര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമായ റിഷഭ് ഐപിഎല്ലില്‍ ഡല്‍ഹിയുടെ നായകനുമാണ്.

ഓസ്ട്രേലിയക്കെതിരെ റിഷഭിന്‍റെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. അതിനിടെ ഐപിഎല്ലില്‍ ആരാകും റിഷഭിന് പകരം ഡല്‍ഹിയെ നയിക്കുക എന്ന ചര്‍ച്ചകളും സജീവമാണ്. ടീമിലെ ഏറ്റവും സീനിയര്‍ താരമെന്ന നിലക്ക് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാകും പന്തിന്‍റെ പകരക്കാരനായി ഡല്‍ഹിയെ നയിക്കുക എന്നാണ് സൂചന. തന്‍റെ നൂറാം ടെസ്റ്റില്‍ പുറത്താകാതെ 200 റണ്‍സടിച്ച വാര്‍ണര്‍ മികച്ച ഫോമിലുമാണിപ്പോള്‍. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഐപിഎല്ലിന് തൊട്ടു മുമ്പ് മാത്രമെ വരാനിടയുള്ളു.

കോലിയും രോഹിത്തും ഒന്നുമല്ല, 2022ല്‍ മൂന്ന് ഫോര്‍മാറ്റിലെയും മികച്ച താരങ്ങളെ തെരഞ്ഞെടുത്ത് ബിസിസിഐ

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് നായകനായിരിന്നിട്ടുള്ള വാര്‍ണര്‍ അവരെ കിരീടത്തിലേക്കും നയിച്ചിട്ടുണ്ട്. വാര്‍ണര്‍ കഴിഞ്ഞാല്‍ ടീമിലെ മറ്റൊരു സീനിയര്‍ താരമായ മനീഷ് പാണ്ഡെയെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ്. സമീപകാലത്തെ ഫോമില്ലായ്മയാണ് പക്ഷെ മനീഷിന് മുന്നിലെ വെല്ലുവിളി.

പന്തിന് പകരം യുവതാരങ്ങളിലൊരാളെ നായകനാക്കാന്‍ തീരുമാനിച്ചാല്‍ പൃഥ്വി ഷാക്കും നറുക്ക് വീണേക്കാം. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടറായ മിച്ചല്‍ മാര്‍ഷിനെയും ഡല്‍ഹി നായക സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. അതേസമയം, പന്ത് ഐപിഎല്ലില്‍ കളിക്കില്ലെന്ന കാര്യം സ്ഥിരീകരിക്കാന്‍ ബിസിസിഐ ഇതുവരെ തയാറായിട്ടില്ല. ഓസ്ട്രേലിയന്‍ പരമ്പരയില്‍ പന്തിന് കളിക്കാനാകില്ലെന്ന കാര്യം മാത്രമാണ് ബിസിസിഐ വൃത്തങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മൂന്ന് ടെസ്റ്റുകളെങ്കിലും ജയിക്കേണ്ടതുണ്ട്.