ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് ചേക്കേറി. ടൂര്‍ണമെന്റിന്റെ ആറാം സീസണിന് മുന്നോടിയായി കാന്‍ഡി റോയല്‍സ് ടീമാണ് താരത്തെ നേരിട്ട് കരാറിലൂടെ സ്വന്തമാക്കിയത്.
കൊളംബോ: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക്. ടൂര്‍ണമെന്റിന്റെ ആറാം സീസണിന് മുന്നോടിയായി കാന്‍ഡി റോയല്‍സ് ടീമാണ് 35കാരനായ താരത്തെ സ്വന്തമാക്കിയത്. ജൂണ്‍ 1-ന് നടക്കുന്ന കളിക്കാരുടെ ലേലത്തിന് മുമ്പായി ടീമുകള്‍ നേരിട്ട് കരാറിലെത്തിയ പ്രമുഖ വിദേശ താരങ്ങളില്‍ ഒരാളാണ് വിജയ് ശങ്കര്‍. കരിയറിന്റെ അടുത്ത ഘട്ടത്തിലേക്കാണ് താരം ഇതിലൂടെ ചുവടുവെക്കുന്നത്.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചതിനാല്‍ വിജയ് ശങ്കറിന് വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ ബിസിസിഐയുടെ വിലക്കുകളുണ്ടാകില്ല. വാനിന്ദു ഹസരംഗ, ആഞ്ചലോ മാത്യൂസ്, മൊയീന്‍ അലി തുടങ്ങിയ വമ്പന്‍ താരങ്ങളെ ലേലത്തിന് മുന്നോടിയായിത്തന്നെ കാന്‍ഡി റോയല്‍സ് തങ്ങളുടെ മാര്‍ക്വി താരങ്ങളായി നിലനിര്‍ത്തിയിട്ടുണ്ട്. ലീഗ് നിയമപ്രകാരം പ്രധാന ലേലത്തിന് മുന്‍പ് രണ്ട് വിദേശ താരങ്ങളെയും രണ്ട് ശ്രീലങ്കന്‍ മാര്‍ക്വി താരങ്ങളെയും നേരിട്ട് ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് കാന്‍ഡി മാനേജ്മെന്റ് വിജയ് ശങ്കറിനെ ടീമിലെത്തിച്ചത്.
കരിയര്‍ ട്രാക്ക് റെക്കോര്‍ഡ്
തമിഴ്നാട് സ്വദേശിയായ വിജയ് ശങ്കര്‍ ഇന്ത്യക്കായി 12 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന 2019 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം, തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചതും ആ ലോകകപ്പിലായിരുന്നു. അന്താരാഷ്ട്ര കരിയര്‍ ഹ്രസ്വമായിരുന്നെങ്കിലും, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങാന്‍ കഴിഞ്ഞിരുന്ന വിജയ് ശങ്കര്‍ ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായിരുന്നു. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4,253 റണ്‍സും 43 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്കായി 78 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
വിദേശ ലീഗുകളിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ താരങ്ങള്‍
അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്ക് പിന്നാലെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിനായി ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോള്‍ വിജയ് ശങ്കറും എത്തിയിരിക്കുന്നത്. വരുന്ന ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ലങ്കന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. കാന്‍ഡി റോയല്‍സ്, ദാംബുള്ള സിക്‌സേഴ്‌സ്, ജാഫ്‌ന കിങ്‌സ്, ഗാള്‍ മാര്‍വല്‍സ്, കൊളംബോ സ്‌ട്രൈക്കേഴ്‌സ് എന്നീ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ലേലത്തിനായുള്ള കളിക്കാരുടെ പട്ടികയില്‍ 650-ലധികം വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.

