അയലന്‍ഡ് പ്രാദേശിക ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്. പ്ലയര്‍ ഓഫ് ദ മൊമന്റും ഡാസില്‍ തന്നെ.

ദുബായ്: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടായിരുന്നു കഴിഞ്ഞ മാസത്തെ ഐസിസിയുടെ മികച്ചതാരം. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് റൂട്ടിനെ മികച്ച താരമാക്കിയത്. എന്നാല്‍ ഇത്തവണ മറ്റൊരു സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി ഉണ്ടായിരുന്നു. 

മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിന് ഒരു വളര്‍ത്തുനായക്കും അവാര്‍ഡ് കൊടുത്തു. അയലന്‍ഡ് പ്രാദേശിക ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡിംഗ് പുറത്തെടുത്തതിനാണ് ഡാസില്‍ എന്ന വളര്‍ത്തുനായക്ക് അവാര്‍ഡ് ലഭിച്ചത്. പ്ലയര്‍ ഓഫ് ദ മൊമന്റും ഡാസില്‍ തന്നെ. ഐസിസി തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടു.

അവാര്‍ഡിന് അര്‍ഹമായ സംഭവം നടന്നത് ഓള്‍ അയര്‍ലന്‍ഡ് വനിത ടി20 കപ്പ് സെമി മത്സരത്തിനിടെയാണ്. ബ്രെഡിയും സിഎസ്എന്നും തമ്മിലുള്ള മത്സരത്തിനിടെ ഡാസില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി. പിന്നാലെ ഡാസിലിന്റെ ഉടമസ്ഥനും. ആര്‍ക്കും പിടികൊടുക്കാതെ ഡാസില്‍ പിച്ചിനടുത്ത് വരെയെത്തി.

Scroll to load tweet…

ഇതിനിടെ ക്രീസിലുണ്ടായിരുന്ന താരം അടിച്ചകറ്റിയ പന്ത് ഡാസില്‍ കടിച്ചെടുത്തു. പിന്നീട് പന്തുമായി നോണ്‍സ്‌ട്രൈക്കറുടെ ക്രീസിലേക്ക്. പിന്നീട് വനിതാ താരത്തിന്റെ ലാളനയ്ക്ക് മുന്നില്‍ കീഴടങ്ങിയ ഡാസില്‍ പന്ത് കൈമാറി. 

അപ്പോഴേക്കും ഉടമസ്ഥനെത്തി ഡാസിലിനെ കൊണ്ടുപോവുകയും ചെയ്തു. ഇത്രയും ആയപ്പോഴേക്കും സഹതാരങ്ങള്‍ക്ക് അംപയര്‍ക്കും ചിരിയടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വീഡിയോ ഐസിസി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Scroll to load tweet…