ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) ആദരം. അസോസിയേഷന് കീഴിലുള്ള ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ ഒരു ഭാഗത്തിന് വിരാട് കോലി സ്റ്റാന്‍ഡ് എന്ന് പേരിടാന്‍ ഡിഡിസിഎ തീരുമാനിച്ചു. 2008 ഓഗ്റ്റ് 18ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ അരങ്ങേറ്റം.

ലോക ക്രിക്കറ്റിന് കോലി നല്‍കിയ സംഭാവന വലുതാണ്. അതില്‍ ഡിഡിസിഎയ്ക്കും അഭിമാനമുണ്ടെന്ന് അനൗദ്യോഗിക പ്രഖ്യാപനത്തിന് ശേഷം ഡിഡിസിഎ പ്രസിഡന്റ് രജത് ശര്‍മ വ്യക്തമാക്കി. ഒരുപാട് യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള പ്രേരണയായിരിക്കും വിരാട് കോലി സ്റ്റാന്‍ഡെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 12ന് നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ കോലിയുടെ പേരിലുള്ള സ്റ്റാന്‍ഡ് ഫിറോഷ്ഷാ കോട്‌ലയില്‍ കാണാം.