ടൂര്‍ണമെന്‍റില്‍ 123.90 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ റണ്‍സടിക്കാനും രോഹനായി. 136.67 പ്രഹരശേഷിയില്‍ റണ്‍സടിച്ച പരാഗ് മാത്രമാണ് സ്ട്രൈക്ക് റേറ്റില്‍ രോഹനെക്കാള്‍ മുന്നിലുള്ള ഏക ബാറ്റര്‍.

ദില്ലി: ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന് പിന്നാലെ മലയാളി താരം രോഹന്‍ കുന്നുമ്മലിനെ ട്രയല്‍സിന് ക്ഷണിച്ച് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ്. കഴിഞ്ഞ ആഴ്ച അവസാനിച്ച ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ ദേവ്ധര്‍ ട്രോഫിയില്‍ ദക്ഷിണമേഖലക്കായി ഇറങ്ങിയ രോഹന്‍ 62.20 ശരാശരിയില്‍ 311 റണ്‍സുമായി ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു. റിയാന്‍ പരാഗ്(354), മായങ്ക് അഗര്‍വാള്‍(341) എന്നിവര്‍ മാത്രമാണ് രോഹനെക്കാള്‍ റണ്‍സടിച്ച മറ്റ് രണ്ട് താരങ്ങള്‍. ഈസ്റ്റ് സോണിനെതിരായ ഫൈനലില്‍ ഓപ്പണറായി ഇറങ്ങി 75 പന്തില്‍ 107 റണ്‍സടിച്ച രോഹന്‍റെ മികവിലാണ് സൗത്ത് സോണ്‍ കിരീടം നേടിയത്.

ടൂര്‍ണമെന്‍റില്‍ 123.90 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ റണ്‍സടിക്കാനും രോഹനായി. 136.67 പ്രഹരശേഷിയില്‍ റണ്‍സടിച്ച പരാഗ് മാത്രമാണ് സ്ട്രൈക്ക് റേറ്റില്‍ രോഹനെക്കാള്‍ മുന്നിലുള്ള ഏക ബാറ്റര്‍. ഇതിന് പിന്നാലെയാണ് 25കാരനായ രോഹനെ ഡല്‍ഹി ക്യാപിറ്റല്‍സ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലന ക്യാപിംല്‍ വളരെ മികച്ച അനുഭവമായിരുന്നുവെന്നും സൗരവ് ഗാംഗുലി, പ്രവീണ്‍ ആംറേ തുടങ്ങിയ മഹാരഥന്‍മാരുമായി ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചുവെന്നും രോഹന്‍ പറഞ്ഞു.

ബാറ്റിംഗിലെ ചില പോരായ്മകള്‍ അവര്‍ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്തെന്നും ഇത് തനിക്ക് വരാനിരിക്കുന്ന ടൂര്‍ണമെന്‍റുകളില്‍ ഗുണകരമാകുമെന്നാണ് കരുതുന്നതെന്നും രോഹന്‍ പറഞ്ഞു. ദേവ്‌ഥര്‍ ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ താരം മായങ്ക് ആഗര്‍വാളിനൊപ്പം ബാറ്റ് ചെയ്യാനായതും വലിയ അനുഭവമായിരുന്നുവെന്നും മായങ്കിന്‍റെ ഉപദേശങ്ങള്‍ ബാറ്റിംഗില്‍ ഒരുപാട് സഹായകരമായെന്നും രോഹന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം നേടിയ രോഹന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.

വിന്‍ഡീസിനെതിരെ അവന്‍ നേരിട്ടതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ ഡോട്ട് ബോള്‍; തുറന്നു പറഞ്ഞ് മുന്‍ താരം

2017ല്‍ കേരളത്തിനായി അരങ്ങേറിയെങ്കിലും വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിനായി തിളങ്ങിയ സമയമായതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി അവസരം ലഭിക്കാന്‍ രോഹന് കാത്തിരിക്കേണ്ടിവന്നിരുന്നു. അണ്ടര്‍ -23 മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് രോഹനെ കേരളത്തിന്‍റെ ബാറ്റിംഗ് പ്രതീക്ഷയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക