കഴിഞ്ഞ ആഴ്ച ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും ബുംറ കളിച്ചിരുന്നുവെങ്കിലും, ജപ്പാനെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കുകയായിരുന്നു.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ നാളെ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. കോറോഗി സ്പോർട്സ് പാർക്കിൽ നടക്കുന്ന പോരാട്ടത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും ബുംറ കളിച്ചിരുന്നുവെങ്കിലും, ജപ്പാനെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കുകയായിരുന്നു. യാഷ് താക്കൂറിന് പകരക്കാരനായിട്ടാകും ബുംറ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുക. ജപ്പാനെതിരായ അഞ്ച് ഓവർ മത്സരത്തിൽ യാഷ് താക്കൂർ കളിച്ചെങ്കിലും ഒരു ഓവർ പോലും ബൗൾ ചെയ്തിരുന്നില്ല.

ബുംറയുടെ തിരിച്ചുവരവിന് പുറമെ, 15-കാരൻ വൈഭവ് സൂര്യവംശിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. മോശം ഫോമിലുള്ള ശിവം ദുബെയ്ക്ക് പകരക്കാരനായി വൈഭവിനെ ഉൾപ്പെടുത്താനാണ് മാനേജ്‌മെന്‍റ് ആലോചിക്കുന്നത്. ഈ മാസം നടന്ന നാല് ടി20 മത്സരങ്ങളിലും തിളങ്ങാൻ ദുബെയ്ക്ക് സാധിച്ചിരുന്നില്ല.വൈഭവ് ടീമിലെത്തിയാൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങും. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മൂന്നാം നമ്പറിൽ കളിച്ച് പരിചയസമ്പത്തുള്ള താരമാണ് സഞ്ജു. സഞ്ജു മൂന്നാം നമ്പറിലിറങ്ങിയാല്‍ ഇഷാന്‍ കിഷന്‍ നാലാമതും ക്യാപ്റ്റൻ ശ്രേയസ് അയ്യര് അഞ്ചാമതുമാകും ഇറങ്ങുക.

ഓപ്പണർ അഭിഷേക് ശർമ്മ, വിക്കറ്റ് കീപ്പർമാരായ ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകൾ. അഫ്ഗാനെതിരായ ടി20 പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് അഭിഷേക് ശർമ്മയായിരുന്നു.എന്നാല്‍ ജപ്പാനെതിരായ മത്സരത്തില്‍ അഭിഷേക് ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയത് ഇന്ത്യക്ക് ആശങ്കയാണ്. ജപ്പാനെതിരെ മഴമൂലം 5 ഓവറാക്കി കുറച്ച മത്സരത്തിൽ അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് മുഴുവൻ ഓവറുകളും എറിഞ്ഞത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ ക്വാർട്ടർ ഫൈനലിലും ഈ സ്പിൻ ത്രയം തുടരാനാണ് സാധ്യത.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, വിഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക