ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിന്‍ഡീസ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പ്രസിദ്ധ് കൃഷ്ണക്കൊപ്പം ന്യൂബോള്‍ എറിയാനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറില്‍ 4 ബൗണ്ടറി അടക്കം 17 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്.

തിരുവനന്തപുരം: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വെടിക്കെട്ട് തുടക്കം. റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി വിന്‍ഡീസ് ഓപ്പണര്‍മാരായ ജസ്റ്റിന്‍ ഗ്രീവ്സും ജോണ്‍ കാംപ്‌ബെല്ലും കാര്യവട്ടത്ത് തകര്‍ത്തടിച്ചപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 27 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെന്ന മികച്ച നിലയിലാണ്. 82 റൺസുമായി ജസ്റ്റിന്‍ ഗ്രീവ്സും 8 റണ്‍സോടെ കീസി കാര്‍ടിയും ക്രീസില്‍. 60 പന്തില്‍ 62 ണ്‍സെടുത്ത ജോണ്‍ കാംപ്‌ബെല്ലിന്‍റെ വിക്കറ്റ് മാത്രമാണ് വിന്‍ഡീസിന് നഷ്ടമായത്. കുല്‍ദീപ് യാദവിനാണ് വിക്കറ്റ്.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ വിന്‍ഡീസ് തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പ്രസിദ്ധ് കൃഷ്ണക്കൊപ്പം ന്യൂബോള്‍ എറിയാനെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറില്‍ 4 ബൗണ്ടറി അടക്കം 17 റണ്‍സാണ് വിന്‍ഡീസ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. മറ്റൊരു പേസറായ ഗുര്‍നൂര്‍ ബ്രാറിനെയും വിന്‍ഡീസ് ഓപ്പണര്‍മാര്‍ പ്രഹരിച്ചതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു.പവര്‍ പ്ലേയില്‍ തന്നെ രവീന്ദ്ര ജഡേജയുടെ ആദ്യ ഓവറില്‍ 16 റണ്‍സടിച്ച വിന്‍ഡീസ് പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85 റണ്‍സിലെത്തി. ഇന്ത്യക്കെതിരായ ഏകദിനങ്ങളില്‍ വിന്‍ഡീസിന്‍റെ മൂന്നാമത്തെ ഉയര്‍ന്ന പവര്‍ പ്ലേ സ്കോറാണിത്.ജസ്റ്റിന്‍ ഗ്രീവ്സ് അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ പതിനാലാം ഓവറില്‍ വിന്‍ഡീസ് 100 കടന്നു.

പതിനേഴാം ഓവറില്‍ ജസ്റ്റിന്‍ കാംപ്‌ബെല്ലും അര്‍ധസെഞ്ചുറി തികച്ചു.ഇരുപതാം ഓവറിലെ രണ്ടാം പന്തില്‍ കാംപ്‌ബെല്ലിനെ പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലെത്തിച്ച കുല്‍ദീപാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 135 റണ്‍സടിച്ചശേഷമാണ് കാംപ്‌ബെല്‍-ഗ്രീവ്സ് സഖ്യം വേര്‍പിരിഞ്ഞത്. ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വിന്‍ഡീസിന്‍റെ മൂന്നാമത്തെ ഉയര്‍ന്ന ഓപ്പണിംഗ് കട്ടുകെട്ടാണിത്. 1988ൽ ഗ്രീനിഡ്ജ്-സിമൺസ് സഖ്യം നേടിയ 164 റണ്‍സാണ് ഇന്ത്യയില്‍ വിന്‍ഡീസിന്‍റെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. 1983ൽ ഗ്രീനിഡ്ജ്-ഹെയ്ന്‍സ് സഖ്യം നേടിയ 149 റണ്‍സാണ് രണ്ടാമത്.

നേരത്തെ ടോസ് നേടയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓള്‍ റൗണ്ടര്‍ നമൻ ധിറും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചപ്പോള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഗില്‍ ഓപ്പണറായി മടങ്ങിയെത്തിയതോടെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. നാലു ബൗളര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും എന്ന ബൗളിംഗ് കോംബിനേഷനാണ് ഇന്ത്യ തെരഞ്ഞെടുത്തത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.കെ എള രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ നമൻ ധിര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍.മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് പേസര്‍മാരായി ടീമിലെത്തിയത്.കുല്‍ദീപ് യാദവും രണ്ടാം സ്പിന്നറായി ടീമിലുണ്ട്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത്തെ ഏകദിന മത്സരമാണിത്.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ജോൺ കാംപ്ബെൽ, ജസ്റ്റിൻ ഗ്രീവ്സ്, കീസി കാർത്തി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആമിർ ജംഗൂ, ജുവൽ ആൻഡ്രൂ, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഗൂഡാകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്‌വാദ്, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക