കിങ് കോലി പറഞ്ഞാൽ പിന്നെ വേറെ അപ്പീലുണ്ടോ, കൂവിത്തോൽപ്പിച്ച ആരാധകരെക്കൊണ്ട് തന്നെ കൈയടിപ്പിച്ച് നവീൻ ഉൾ ഹഖ്
നേരത്തെ ഇതേ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ വിരാട് കോലിയുമായുള്ള ശത്രുത അവസാനിപ്പിച്ച് ഇരുതാരങ്ങളും ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.

ദില്ലി: ലോകകപ്പ് ക്രിക്കറ്റിലെ വമ്പന്‍ അട്ടിമറികളിലൊന്നില്‍ അഫ്ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്‍രായ ഇംഗ്ലണ്ടിനെ വീഴ്ത്തിയപ്പോള്‍ താരമായവര്‍ നിരവധിപേരുണ്ട്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ മുജീബ് ഉര്‍ റഹ്മാനും റാഷിദ് ഖാനും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് നബിയുമെല്ലാം അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് നിരയിലെ ഏറ്റവും നിര്‍ണായക വിക്കറ്റായ ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ വീഴ്ത്തിയത് അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിന്‍റെ ഇന്‍സ്വിംഗറായിരുന്നു.
ഐപിഎല്ലിനിടെ ഉണ്ടായ വിരാട് കോലിയുമായുളള വാക് പോരിന്‍റെ പേരില്‍ ഇന്ത്യയില്‍ കളിക്കാനിറങ്ങുമ്പോഴെല്ലാം ആരാധകരുടെ കൂവലേറ്റുവാങ്ങാറുള്ള നവീന്‍ ഉള്‍ ഹഖ് പക്ഷെ ഇന്നലെ അതേ ആരാധകരെകൊണ്ട് തന്നെ കൈയടിപ്പിച്ചാണ് ഗ്രൗണ്ട് വിട്ടത്. ബട്‌ലറെ നവീന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതിനെ ആരാധകര്‍ ആര്‍പ്പുവിളികളോടെ വരവേറ്റത്.
നേരത്തെ ഇതേ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ വിരാട് കോലിയുമായുള്ള ശത്രുത അവസാനിപ്പിച്ച് ഇരുതാരങ്ങളും ഹസ്തദാനം നടത്തുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു. വിരാട് കോലി ക്രീസില്‍ നില്‍ക്കെ പന്തെറിയാനെത്തിയ നവീനെ ദില്ലി അരുണ്‍ ജെയ്റ്റ് സ്റ്റേഡിയത്തിലെ കാണികള്‍ കൂവിയപ്പോള്‍ അവരോട് കോലി അരുതെന്ന് ആംഗ്യം കാട്ടിയിരുന്നു.പിന്നീട് മത്സരശേഷം ഇരുവരും ഹസ്തദാനം ചെയ്തശേഷം സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു.
ഈ വര്‍ഷം ഐപിഎല്ലില്‍ റോയല്‍ ചടലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടതും കൈയാങ്കളിയുടെ വക്കെത്തിത്തിയതും. വിഷയത്തില്‍ ലഖ്നൗ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ കൂടി ഇടപെട്ടതോടെ പ്രശ്നം ഒന്നുകൂടി രൂക്ഷമായി പിന്നീട് നവീനും ഗംഭീറും പോകുന്ന ഗ്രൗണ്ടുകളിലെല്ലാം ആരാധകര്‍ കോലി ചാന്‍റ് ഉയര്‍ത്തി തിരിച്ചടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക