ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് കൂടി ബുമ്ര നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ട് ഇനി 262 റണ്‍സ് കൂടി വേണം.
ലീഡ്സ്: ഇന്ത്യക്കെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒല്ലി പോപ്പിന്‍റെ സെഞ്ചുറിയിലൂടെ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കും ക്രീസില്‍. നാലു റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്‍റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ബുമ്രയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് കൂടി ബുമ്ര നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ട് ഇനി 262 റണ്‍സ് കൂടി വേണം.
ബുമ്ര, ബുമ്ര മാത്രം
ഇന്ത്യയെ 471 റണ്‍സിലൊതുക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ട് ആദ്യ ഓവറില്‍ തന്നെ ഞെട്ടി. ആദ്യ ഓവറിലെ അവസാന പന്തില്‍ സാക്ക് ക്രോളിയെ ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ചാണ് ബുമ്ര ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നീടും ബുമ്രയുടെ പന്തുകള്‍ കളിക്കാന്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടി. എന്നാല്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ആദ്യ സ്പെല്ലില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കഞ്ഞതോടെ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 122 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇതിനിടെ ബെന്‍ ഡക്കറ്റ് ഗള്ളിയില്‍ നല്‍കിയ ക്യാച്ച് രവീന്ദ്ര ജഡേജ നിലത്തിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ദിനം ചായക്ക് ശേഷം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കാന്‍ ബുമ്രക്ക് മാത്രമെ കഴിഞ്ഞുള്ളു.
ചായക്ക് ശേഷം ബെന്‍ ഡക്കറ്റിനെ ബുമ്ര ബൗള്‍ഡാക്കിയപ്പോള്‍ ഇംഗ്ലണ്ട് തകരുമെന്ന് കരുതിയെങ്കിലും റൂട്ടും പോപ്പും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ടിനെ 200 കടത്തി. ഇതിനിടെ ബുമ്രയുടെ പന്തില്‍ പോപ്പ് ഗള്ളിയില്‍ നല്‍കിയ ക്യാച്ച് യശസ്വി ജയ്സ്വാള്‍ നിലത്തിട്ടത് ഇന്ത്യക്ക് പ്രഹരമായി. മുഹമ്മദ് സിറാജിന്‍റെ പന്തില്‍ ജോ റൂട്ടിനെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചെങ്കിലും റിവ്യു എടുത്ത് റൂട്ട് രക്ഷപ്പെട്ടു. 125 പന്തില്‍ ഒല്ലി പോപ്പ് സെഞ്ചുറിയിലെത്തിതിന് പിന്നാലെ അവസാന സ്പെല്‍ എറിയാനെത്തിയ ബുമ്ര നിലയുറപ്പിച്ച റൂട്ടിനെ സ്ലിപ്പില്‍ കരുണ്‍ നായരുടെ കൈകളിലെത്തിച്ച് 80 റണ്‍സ് കൂട്ടുകെട്ട് തകര്‍ത്തു. പിന്നാലെ ഹാരി ബ്രൂക്കിനെ ബുമ്ര പൂജ്യത്തിന് മടക്കിയെങ്കിലും നോ ബോളായത് തിരിച്ചടിയായി. 14 ഓവര്‍ പന്തെറിഞ്ഞ് 50 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജിനും 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണക്കും മൂന്നോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത ഷാര്‍ദ്ദുല്‍ താക്കൂറിനും ബുമ്രക്ക് പിന്തുണ നല്‍കാനാവാഞ്ഞതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
രണ്ടാം ദിനം നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 471 റണ്‍സില്‍ അവസാനിച്ചിരുന്നു. 359-3 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി. ഇന്നലെ സെഞ്ചുറി നേടിയ ജയ്സ്വാളിനും ഗില്ലിനും പുറമെ റിഷഭ് പന്തും ഇന്ന് ഇന്ത്യക്കായി സെഞ്ചുറി നേടി. പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും പേസര്‍ ജോഷ് ടങും നാല് വിക്കറ്റ് വീതം വീഴ്ത്തി.


