ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കല്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടി. 117 റണ്‍സ് നേടിയ താരം, ഗാലെയിലെ 167 റണ്‍സിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്.

കൊളംബോ: തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ച് ദേവ്ദത്ത് പടിക്കല്‍. ഗാലെയില്‍ നേടിയ തകര്‍പ്പന്‍ 167 റണ്‍സിന് പിന്നാലെ, ഞായറാഴ്ച കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തിലും താരം സെഞ്ച്വറി നേടി. 117 റണ്‍സ് നേടി ദേവ്ദത്ത് പുറത്താവുകയായിരുന്നു. 193 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു. ക്ഷമയും നിയന്ത്രണവും പ്രകടമായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്‌സില്‍.

11-ാം ഓവറില്‍ 37 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടമായപ്പോഴാണ് പടിക്കല്‍ ക്രീസിലെത്തിയത്. തുടര്‍ന്ന് യശസ്വി ജൈസ്വാളിനൊപ്പം 29 റണ്‍സ് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, പിന്നീട് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മൂന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തു. 90 പന്തില്‍ നിന്ന് അര്‍ദ്ധശതകം തികച്ച പടിക്കല്‍, ചായ സമയത്ത് 63 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷം അദ്ദേഹത്തിന്റെ ഷോട്ടുകള്‍ കൂടുതല്‍ മികവുള്ളതായി മാറി. ഓഫ് സൈഡിലൂടെയുള്ള ഡ്രൈവുകളും മികച്ച പുള്‍ ഷോട്ടുകളും കട്ടുകളും നിറഞ്ഞതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്.

ഗില്‍ 50 റണ്‍സിന് പുറത്തായെങ്കിലും, പടിക്കല്‍ പതര്‍ച്ചകളില്ലാതെ തന്റെ ബാറ്റിംഗ് തുടര്‍ന്നു. തൊണ്ണൂറുകളിലെ പരിഭ്രാന്തികളൊന്നുമില്ലാതെയാണ് താരം സെഞ്ച്വറിയിലെത്തിയത്. പോയിന്റിന് മുന്നിലൂടെയുള്ള രണ്ട് മനോഹരമായ കട്ടുകളിലൂടെ 91-ല്‍ നിന്ന് 99-ലെത്തിയ അദ്ദേഹം, ലോംഗ് ഓണിലേക്ക് സിംഗിള്‍ തട്ടിമാറ്റി ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്നിങ്സിന്റെ തുടക്കത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പിഴവുകള്‍ പറ്റിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പടിക്കലിന്റെ ക്യാച്ച് ലങ്കന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് ഒരു റണ്‍സെടുത്തപ്പോഴും അദ്ദേഹത്തിന് ജീവന്‍ കിട്ടി ലഭിച്ചു. അവസരങ്ങള്‍ പരമാവധി മുതലാക്കാന്‍ ദേവ്ദത്തിനായി.

ഇന്ത്യക്ക് പ്രതിസന്ധി ഘട്ടത്തിലാണ് ഈ സെഞ്ച്വറി പിറന്നത്. കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് റണ്‍സെടുത്ത റിഷഭ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയപ്പോള്‍, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് പടിക്കല്‍ ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഈ പരമ്പരയില്‍ ദേവ്ദത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. ഗാലെയില്‍ ആദ്യ ഇന്നിംഗ്‌സില്‍ 167 റണ്‍സ് നേടിയ താരം, പിന്നാലെ 44 റണ്‍സും നേടി. കരിയറിലൊന്നാകെ ഇതുവരെ നാല് ടെസ്റ്റുകളിലെ ആറ് ഇന്നിങ്സുകളില്‍ നിന്നായി 75-ല്‍ അധികം ശരാശരിയില്‍ താരം 400 റണ്‍സ് പിന്നിട്ടു.

കളിച്ച ആറ് ടെസ്റ്റ് ഇന്നിങ്സുകളില്‍ നാലെണ്ണത്തിലും അദ്ദേഹം 50ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധശതകങ്ങളും ഉള്‍പ്പെടുന്നു. വിദേശ പിച്ചുകളിലും താരം മികച്ച പ്രകടനമാണ് നടത്തുന്നത്. തന്റെ ടെസ്റ്റ് റണ്‍സില്‍ 300-ലധികം റണ്‍സും വിദേശത്താണ് നേടിയത്. രണ്ട് സെഞ്ച്വറികളും ഒരു അര്‍ദ്ധശതകവും ഇന്ത്യക്ക് പുറത്താണ് താരം നേടിയത്.

YouTube video player