ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുൾ ഷോട്ട് കളിക്കുന്നതിനിടെ റിഷഭ് പന്തിന് കൈത്തണ്ടയ്ക്ക് പരിക്കേറ്റു. തുടർന്ന് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ പന്തിന് പകരം ജഡേജ ക്രീസിലെത്തി.
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി. ആദ്യ ഇന്നിങ്സിനിടെ ലാഹിരു കുമാരയുടെ ഷോര്‍ട്ട് ഡെലിവറി കളിക്കുന്നതിനിടെയാണ് പന്തിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തിന് ബാറ്റിംഗ് തുടരാനായില്ല. ചായയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ ഇന്നിങ്സിന്റെ 58-ാം ഓവറിലായിരുന്നു സംഭവം. മൂന്ന് റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന പന്ത്, ഷോര്‍ട്ട് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കൈത്തണ്ടയില്‍ കൊള്ളുകയായിരുന്നു.
തുടര്‍ന്ന് ഫിസിയോയെത്തി പന്തിന്റെ പരിക്കേറ്റ കൈത്തണ്ടയില്‍ ഐസ് പാക്ക് വെച്ച് പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം പന്ത് കളം വിടുകയും, അദ്ദേഹത്തിന് പകരം രവീന്ദ്ര ജഡേജ ബാറ്റിംഗിനായി ക്രീസിലിറങ്ങുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ബാറ്റിംഗിനിടയില്‍ സംഭവിച്ച ഈ പരിക്ക് ടീമിന് തിരിച്ചടിയായിട്ടുണ്ട്. പന്തിന്റെ കൈത്തണ്ടയിലെ പരിക്കിന്റെ തീവ്രത എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സരന്‍ഷ് ജെയ്‌നിന് അരങ്ങേറ്റം
സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി സരന്‍ഷ് ജെയിന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ലഞ്ചിന് മുമ്പ് കെ എല്‍ രാഹുലും യശസ്വി ജയ്‌സ്വാളും പുറത്തായതോടെ സന്ദര്‍ശകര്‍ക്ക് തുടക്കം തന്നെ പ്രയാസകരമായിരുന്നു. ലാഹിരു കുമാരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോധ്ഷ ഡിക്ക്വെല്ലയ്ക്ക് ക്യാച്ച് നല്‍കി 18 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. പിന്നാലെ അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ 45 റണ്‍സെടുത്ത ജയ്‌സ്വാളും മടങ്ങി. ഈ പുറത്താകലിന് പിന്നാലെ ഇന്ത്യന്‍ ഓപ്പണറും ലങ്കന്‍ പേസറും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.
തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ദേവ്ദത്ത് പടിക്കലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഒന്നാം റണ്‍സില്‍ നില്‍ക്കെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ സ്ലിപ്പില്‍ കൈവിട്ട ജീവന്‍ കിട്ടിയ പടിക്കല്‍, ആ അവസരം മുതലെടുത്ത് 90 പന്തില്‍ അര്‍ദ്ധശതകം തികച്ചു. മറുവശത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അര്‍ദ്ധശതകം നേടി. മൂന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു.

