ഇന്ത്യക്കായി ചുരുങ്ങിയ മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും, ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം തുടർച്ചയായി മൂന്ന് കിരീടങ്ങൾ നേടിയെന്ന അപൂർവ റെക്കോർഡിന് ഉടമയാണ് കരൺ ശർമ്മ.

ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം കരണ്‍ ശര്‍മ. ഇന്ത്യക്കായി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുള്ള താരം, ശനിയാഴ്ച രാത്രി ഉത്തര്‍ പ്രദേശ് ടി20 ലീഗ് മത്സരത്തിന് ശേഷമാണ് തന്റെ തീരുമാനം അറിയിച്ചത്. 2007-08ലെ ആഭ്യന്തര സീസണിലാണ് കരണ്‍ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 അരങ്ങേറ്റങ്ങള്‍ നടത്തിയത്. തുടക്കത്തില്‍ ഒരെയോരു ഓള്‍റൗണ്ടര്‍ ആയാണ് താരം വളര്‍ന്നുവന്നത്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിക്കൊണ്ടാണ് കരണ്‍ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ 2012-13 സീസണാണ് താരത്തിന്റെ കരിയറിലെ വഴിത്തിരിവായത്. ആ സീസണില്‍ മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് 19.04 ശരാശരിയില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹത്തിന് ബിസിസിഐയുടെ മികച്ച അണ്ടര്‍-25 ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഈ പ്രകടനങ്ങള്‍ അദ്ദേഹത്തിന് ഐപിഎല്‍ കരാറും നേടിക്കൊടുത്തു. 2014 ലെ ഐപിഎല്‍ ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 3.75 കോടി രൂപയ്ക്കാണ് കരണ്‍ ശര്‍മ്മയെ സ്വന്തമാക്കിയത്. ആ സമയത്ത് ലേലത്തില്‍ ഏറ്റവും വിലകൂടിയ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ കളിക്കാരനായിരുന്നു അദ്ദേഹം.

ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനങ്ങള്‍ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ പരിമിത ഓവര്‍ ടീമില്‍ താരം ഇടംനേടി. ആ പരമ്പരയിലൂടെ ടി20 അരങ്ങേറ്റം കുറിച്ച അദ്ദേഹം ജോ റൂട്ട പുറത്താക്കിക്കൊണ്ട് ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ തന്റെ ഏക വിക്കറ്റ് വീഴ്ത്തി. പിന്നീട് ഇന്ത്യയുടെ ശ്രീലങ്കന്‍ ഏകദിന പര്യടനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കരണ്‍, രോഹിത് ശര്‍മ്മ 264 റണ്‍സ് നേടിയ ചരിത്രപ്രസിദ്ധമായ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റവും കുറിച്ചു. ആ പരമ്പരയില്‍ ഒരു മത്സരംകൂടി കളിച്ചെങ്കിലും രണ്ട് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനായില്ല.

അതേ വര്‍ഷം അവസാനം അഡ്‌ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെ താരം തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും രണ്ട് വീതം വിക്കറ്റുകള്‍ നേടി മൊത്തം നാല് വിക്കറ്റുകളാണ് കരണ്‍ വീഴ്ത്തിയത്. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരവും ഇതായിരുന്നു. 2015 ലെ സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിലേക്ക് കരണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പരിക്കുകാരണം അദ്ദേഹത്തിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. പിന്നീട് ദേശീയ ടീമിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് സാധിച്ചില്ല.

മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍

പരിമിതമായ അന്താരാഷ്ട്ര കരിയര്‍ മാത്രമുണ്ടായിരുന്നെങ്കിലും ഐപിഎല്ലില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കരണ്‍ ശര്‍മ്മയ്ക്കായി. മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പമായി തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടുന്ന ആദ്യ താരമായി അദ്ദേഹം മാറി. 2016-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും 2017-ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും 2018-ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പവുമാണ് താരം കിരീടം ഉയര്‍ത്തിയത്. 2025-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് അദ്ദേഹം തന്റെ അവസാന ഐപിഎല്‍ മത്സരം കളിച്ചത്.

YouTube video player