കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റ് ലീഗില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മികച്ച ഫോം തുടരുന്നു. ഇന്ന് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ പുറത്താവാതെ 122 റണ്‍സാണ് ദേവ്ദത്ത് നേടിയത്. സെഞ്ചുറിയുടെ ബലത്തില്‍ കര്‍ണാടക അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കര്‍ണാടക 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു.

60 പന്തുകള്‍ നേരിട്ട ദേവ്ദത്ത് ഏഴ് സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണ് ഇത്രയും റണ്‍സ് നേടിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് എന്ന നിലയില്‍ നില്‍ക്കെയാണ് ദേവ്ദത്ത് ക്രീസിലെത്തിയത്. സമ്മര്‍ദ്ദ ഘട്ടത്തിലും പതറാതെ ബാറ്റേന്തിയ 19കാരന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഉത്തരഖണ്ഡിനെതിരെ  ആദ്യ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. 33 പന്തില്‍ 53 റണ്‍സ് നേടിയ താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന്റെ വിജയമാണ് അന്ന് കര്‍ണാടക നേടിയത്.  രണ്ടാം മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരെ അഞ്ച് റണ്‍സ് നേടി താരം പുറത്തായി. മത്സരത്തില്‍ കര്‍ണാടക തോല്‍ക്കുകയും ചെയ്തു. 

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 609 റണ്‍സാണ് താരം നേടിയത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച ദേവ്ദത്ത് 11 വയസ് വരെ ഹൈദരാബാദിലായിരുന്നു. പിന്നീട് ബംഗളുരുവിലേക്ക് താമസം മാറുകയായിരുന്നു.