ബംഗളൂരു: ഈ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എമേര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരം നേടിയ താരമാണ് മലയാളിയായ ദേവ്ദത്ത് പടിക്കല്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി  15 മത്സരത്തില്‍ നിന്ന് 473 റണ്‍സാണ് യുവതാരം നേടിയത്. ഐപിഎല്‍ അരങ്ങേറ്റമായിരുന്നു ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ദേവ്ദത്തിന്റേത്. ആര്‍സിബിയുടെ ടോപ് സ്‌കോററും ദേവ്ദത്തായിരുന്നു.

ചെറു പ്രായത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം കളിക്കാനുള്ള അവസരമാണ് ദേവ്ദത്തിന് ലഭിച്ചത്. ടൂര്‍ണമെന്റിലാകെ അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ ദേവ്ദത്തിന് ഇവരില്‍ നിന്നെല്ലാം നല്ലവാക്കുകള്‍ കിട്ടുകയും ചെയ്തു. ഇപ്പോള്‍, മുംബൈ ഇന്ത്യന്‍സിനെതിരായ അര്‍ധ സെഞ്ചുറിക്ക് ശേഷം പ്രകടനത്തെ കുറിച്ച് ഡിവില്ലിയേഴ്‌സ് പറഞ്ഞത് ഓര്‍ത്തെടുക്കുകയാണ് ദേവ്ദത്ത്. 

വളരെ മനോഹരമായി കളിക്കുന്നുവെന്നാണ് ഡിവില്ലിയേഴ്‌സ് അന്ന് എന്നോട് പറഞ്ഞത്. ദേവ്ദത്തിന്റെ വാക്കുകളിങ്ങനെ... ''മുംബൈക്കെതിരായ മത്സരത്തില്‍ ഞാന്‍ 74 റണ്‍സാണ് നേടിയത്. മത്സരശേഷം ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഡിവില്ലിയേഴ്‌സ് എനിക്ക് മെസേജ് അയച്ചു. ഇതേ പ്രകടനം ആവര്‍ത്തിക്കൂ. വളരെ മനോഹരമായി കളിക്കുന്നു. ഇതേ പ്രകടനം തുടരൂവെന്നാണ് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നത്. കാരണം അദ്ദേഹത്തെപ്പോലൊരു താരത്തില്‍ നിന്നുള്ള വാക്കുകള്‍ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. ഡിവില്ലിയേഴ്‌സിനൊപ്പമുള്ള ബാറ്റിങ്ങും ഒരുപാട് ആസ്വദിച്ചിരുന്നു.'' ദേവ്ദത്ത് പറഞ്ഞു.