ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്‌തമായി രണ്ടാം മത്സരത്തില്‍ ലങ്കന്‍ ബാറ്റിംഗ് നിര ശക്തമായി തിരിച്ചെത്തുന്നതാണ് മഹീന്ദ രജപക്‌സെ സ്റ്റേഡിയത്തില്‍ കണ്ടത്
ഹമ്പൻടോട്ട: രണ്ടാം ഏകദിനത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ 132 റണ്‍സിന്‍റെ വിജയവുമായി ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവ്. ഹമ്പൻടോട്ടയിലെ മഹീന്ദ രജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 323 റണ്‍സ് പിന്തുടര്‍ന്ന അഫ്‌ഗാനിസ്ഥാന്‍റെ എല്ലാവരും 42.1 ഓവറില്‍ 191 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതേ വേദിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഫ്‌ഗാന്‍ ആറ് വിക്കറ്റിന്‍റെ അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം ഏഴാം തിയതി നടക്കും. ഇതില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ആദ്യ ഏകദിനത്തില്‍ നിന്ന് വ്യത്യസ്‌തമായി രണ്ടാം മത്സരത്തില്‍ ലങ്കന്‍ ബാറ്റിംഗ് നിര ശക്തമായി തിരിച്ചെത്തുന്നതാണ് മഹീന്ദ രജപക്‌സെ സ്റ്റേഡിയത്തില്‍ കണ്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ പാതും നിസങ്കയും ദിമുത് കരുണരത്‌നെയും 82 റണ്‍സ് നേടിയതോടെ ലങ്കയ്‌ക്ക് മികച്ച തുടക്കം കിട്ടി. നിസങ്ക 43 ഉം കരുണരത്‌നെ 52 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നീടുള്ളവരില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും(75 പന്തില്‍ 78), സദീര സമരവിക്രമയും(46 പന്തില്‍ 44) തിളങ്ങി. ചരിത് അസലങ്ക ആറ് റണ്‍സില്‍ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനക 13 പന്തില്‍ 23 എടുത്ത് മടങ്ങി. ധനഞ്ജയ ഡിസില്‍വയും(24 പന്തില്‍ 29*), വനിന്ദു ഹസരങ്കയും(12 പന്തില്‍ 29*) പുറത്താവാതെ നിന്നു. അഫ്‌ഗാനായി പരീദ് അഹമ്മദും മുഹമ്മദ് നബിയും രണ്ട് വീതവും നൂര്‍ അഹമ്മദും മുജീര്‍ ഉര്‍ റഹ്‌മാനും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ അഫ്‌ഗാനിസ്ഥാനായി ഇബ്രാഹിം സദ്രാനും(75 പന്തില്‍ 54), നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും(62 പന്തില്‍ 57), റഹ്‌മത്ത് ഷായും(42 പന്തില്‍ 36), അസ്‌മത്തുള്ള ഒമര്‍സായും(31 പന്തില്‍ 28) പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വീതം വിക്കറ്റുമായി ധനഞ്ജയ ഡിസില്‍വയും വനിന്ദു ഹസരങ്കയും രണ്ട് പേരെ പുറത്താക്കി ദുഷ്‌മന്ത ചമീരയും ഒരാളെ പുറത്താക്കി മഹീഷ് തീക്‌ഷനയും ലങ്കക്കായി തിളങ്ങി. ഇതോടെ ഏഴ് അഫ്‌ഗാനിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. നേരത്തെ ആദ്യ ഏകദിനത്തില്‍ ലങ്കയുടെ 268 റണ്‍സ് 46.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മറികടന്ന് അഫ്‌ഗാന്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയായിരുന്നു.
Read more: ഇന്ത്യക്കെതിരായ ഫൈനലിന് മുമ്പ് കനത്ത തിരിച്ചടിയേറ്റ് ഓസീസ്; സ്റ്റാര്‍ പേസര്‍ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
