ചഹലിന്റെ സന്തോഷം ട്രോളാനായി ഉപയോഗിച്ചിരിക്കുകയാണ് സഹതാരം ഗ്ലെൻ മാക്‌സ്‌വെല്‍

ചെന്നൈ സൂപ്പ‍‍‍‍‍ർ കിംഗ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി പഞ്ചാബ് കിംഗ്‌സ് താരം യുസുവേന്ദ്ര ചഹലിനൊരു സമ്മാനം നല്‍കി. തന്റെ ക്രിക്കറ്റ് ബാറ്റുകളിലൊന്നായിരുന്നു ധോണി ചഹലിന് നല്‍കിയത്. ധോണിയുടെ ബാറ്റ് കിട്ടിയതോടെ ചഹലിന്റെ സന്തോഷം ചെറുതായിരുന്നില്ല. 

എന്നാല്‍, ചഹലിന്റെ സന്തോഷം ട്രോളാനായി ഉപയോഗിച്ചിരിക്കുകയാണ് സഹതാരം ഗ്ലെൻ മാക്‌സ്‌വെല്‍. സീസണില്‍ ഇതുവരെ ഒരു പന്ത് പോലും നേരിടാൻ ചഹലിനായിട്ടില്ല. എല്ലാ മത്സരങ്ങളിലും ചഹലിനെ ഇംപാക്‌ട് പ്ലെയറായാണ് പഞ്ചാബ് ഉപയോഗിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയായിരുന്നു ചഹലിന് അരങ്ങേറ്റ മത്സരത്തില്‍ ക്യാപ് നല്‍കിയത്. നാളെ ചെന്നൈ-പഞ്ചാബ് മത്സരം നടക്കാനിരിക്കെയാണ് ഇരുവരും കളത്തില്‍ സൗഹൃദം പുതുക്കിയത്. ധോണിയുടെ ബാറ്റുമായി സ്വന്തം ഡ്രെസിംഗ് റൂമിലേക്ക് തുള്ളിച്ചാടി എത്തുകയായിരുന്നു ചഹല്‍. അവിടെ പ്രഭ്‌സിമ്രാൻ സിങ്ങുമായി സംസാരിച്ചിരിക്കുകയായിരുന്നു മാക്‌സ്‌വെല്‍.

ധോണിയുടെ ബാറ്റ് ചഹലിന് ലഭിച്ചത് കണ്ട് മാക്‌സ്‌വെല്ലിന് മിണ്ടാതിരിക്കാനായില്ല. എല്ലാ മത്സരങ്ങളിലും ചഹലിനെ സബ്ബ് ചെയ്യുകയാണെന്നത് മാക്‌സ്‌വെല്‍ ഓ‍ര്‍മിപ്പിച്ചു. 

സമീപത്തുണ്ടായിരുന്ന യുവതാരം പ്രിയാൻഷ് ആര്യയും ചഹലിനെ വെറുതെ വിട്ടില്ല. ഹരിയാനയില്‍ നിന്നുള്ള ഒരു താരം ഉറപ്പായും ആ ബാറ്റ് സ്വന്തമാക്കുമെന്നായിരുന്നു പ്രിയാൻഷിന്റെ വാക്കുകള്‍.

ഹരിയാന താരമാണ് പ്രിയാൻഷ്.

View post on Instagram

സീസണില്‍ മോശം തുടക്കത്തിന് ശേഷം രണ്ടാം പകുതിയില്‍ മികവ് പുലര്‍ത്തുകയാണ് ചഹല്‍. ഒൻപത് മത്സരങ്ങളില്‍ നിന്ന് ഒൻപത് വിക്കറ്റുകള്‍ നേടി. ചെന്നൈക്കെതിരെ ചെപ്പോക്കിലെ മത്സരവും ചഹലിന് മികവ് പുലര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ആരാധകര്‍.

പോയിന്റ് പട്ടികയില്‍ കാര്യങ്ങള്‍ കടുപ്പമായതോടെ ഓരോ മത്സരവും പഞ്ചാബിന് നിര്‍ണായകമാണ്. നിലവില്‍ ഒൻപത് കളികളില്‍ നിന്ന് 11 പോയിന്റാണ് പഞ്ചാബിനുള്ളത്. മറുവശത്ത് ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിത്തുടങ്ങി. ഒൻപത് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ചെന്നൈക്കുള്ളത്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനമാണ് ടീമിനുള്ളത്.