പ്രായം 37 പിന്നിട്ടെങ്കിലും ധോണി വിക്കറ്റിന് പിന്നിലും മുന്നിലും പഴയ ഊര്‍ജം നിലനിര്‍ത്തുന്നതാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ടീമിനെ സന്തോഷിപ്പിക്കുന്നത്.
ചെന്നൈ: ഐ പി എല്ലാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണിയുടെ മുന്നിലുള്ള അടുത്ത അങ്കം. പ്രായം 37 പിന്നിട്ടെങ്കിലും ധോണി വിക്കറ്റിന് പിന്നിലും മുന്നിലും പഴയ ഊര്‍ജം നിലനിര്‍ത്തുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ സന്തോഷിപ്പിക്കുന്നു. ധോണിയെ കുറിച്ചുള്ള സി എസ് കെ സഹതാരം എന്‍ ജഗദീശന്‍റെ വാക്കുകളില്‍ ഇത് വ്യക്തം.
ധോണി പൂര്‍ണ ആരോഗ്യവാനാണ്. ധോണിയുടെ നീക്കങ്ങള്‍ കണ്ടാല്‍ പ്രായം 37 ആയി എന്ന് തോന്നുകയേയില്ല. ഫീല്‍ഡില്‍ ധോണി ഊര്‍ജസ്വലനാണ്. ധോണി ശാന്തനാണ്, ചിലപ്പോള്‍ മാത്രമേ സംസാരിക്കൂ. എന്നാല്‍ ആ കുറച്ച് വാക്കുകള്‍ മതി ടീമിനെ വിജയത്തിലെത്തിക്കാന്‍- വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ കൂടിയായ എന്‍ ജഗദീശന്‍ അഭിപ്രായപ്പെട്ടതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
എന്‍ ജഗദീശന് ഇതുവരെ ഐ പി എല്ലില്‍ അരങ്ങേറ്റം കുറിക്കാനായിട്ടില്ല. ധോണിയെ അടുത്തുനിന്ന് നിരീക്ഷിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും തമിഴ്‌നാട് വിക്കറ്റ് കീപ്പര്‍ കൂടിയായ ജഗദീശന്‍ വ്യക്തമാക്കി. തന്നെ കാണുമ്പോഴൊക്കെ മഹി ഭായി തനിക്ക് നിര്‍ദേശങ്ങള്‍ തരാറുണ്ട്. വിക്കറ്റ് കീപ്പിംഗിലോ ബാറ്റിംഗിലോ സംശയങ്ങളുണ്ടെങ്കില്‍ ധോണിയെയാണ് സമീപിക്കാറെന്നും എന്‍ ജഗദീശന്‍ പറഞ്ഞു.
