മുംബൈ: ഐപിഎല്‍ കിരീടനേട്ടത്തില്‍ രോഹിത് ശര്‍മ എം എസ് ധോണിയെക്കാള്‍ മുമ്പിലാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തയെും മികച്ച നായകന്‍ ധോണി തന്നെ. ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച(GOAT) നായകനെ തെരഞ്ഞെടുത്തത്.

ഐപിഎല്ലില്‍ നാല് കിരീടങ്ങള്‍ സ്വന്തമാക്കിയെങ്കിലും രോഹിത്തിനെക്കാള്‍ വിജയശതമാനം(60.11) ധോണിക്കാണ്. ഇതാണ് മികച്ച നായകനുള്ള തെരഞ്ഞെടുപ്പിലും നിര്‍ണായകമായത്. 2008ലെ ആദ്യ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ ധോണി അത്തവണത്തെ താരലേലത്തിലെ ഏറ്റവും വിലകൂടിയ കളിക്കാരനായിരുന്നു. ആദ്യ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായ ധോണി എട്ട് തവണ സി എസ് കെയെ ഫൈനലിലേക്കു നയിച്ചു. മൂന്ന് തവണ ചെന്നൈക്ക് ഐപിഎല്‍ കിരീടം സമ്മാനിച്ചു.

Also Read: ടി20 ലോകകപ്പ്: മൂന്ന് സാധ്യതകള്‍ മുന്നോട്ടുവെച്ച് ഐസിസി

ഐപിഎല്ലിലെ നായകന്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച നായകനും ധോണിയാണ്. ചെന്നൈയെ 12ല്‍ 11 സീസണിലും പ്ലേ ഓഫിലെത്തിക്കാനും ധോണിക്കായി. ആശിഷ് നെഹ്റ, സഞ്ജയ് മഞ്ജരേക്കര്‍, ഡാരന്‍ ഗംഗ, സ്കോട്ട് സ്റ്റൈറിസ്, മൈക് ഹെസ്സണ്‍, ഡീന്‍ ജോണ്‍സ്, റസല്‍ അര്‍നോള്‍ഡ്, സൈമണ്‍ ഡൂള്‍, ഗ്രെയിം സ്മിത്ത് എന്നിവരടങ്ങിയ ജൂറിയാണ് ധോണിയെ ഐപിഎല്ലിലെ എക്കാലത്തെ മികച്ച നായകനായി തെരഞ്ഞെടുത്തത്.

Also Read: ഇന്ന് ലോക പുസ്തകദിനം; നമ്മുടെ കായികതാരങ്ങള്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകങ്ങള്‍

നേരത്തെ പരിശീലകരില്‍ ചെന്നൈുടെ സ്റ്റീഫന്‍ ഫ്ലെമിംഗിനെ എക്കാലത്തെയും മികച്ച പരിശീലകനായി തെരഞ്ഞെടുത്തിരുന്നു. ചെന്നൈയുടെ ഷെയ്ന്‍ വാട്സണാണ് എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍.