ചെന്നൈ പ്ലേ ഓഫില്‍ നിന്ന് പുറത്തായി രണ്ടുദിവസം കഴിഞ്ഞിട്ടും ടീം സിഇഒ കാശി വിശ്വനാഥനുപോലും ഇതിന് ഉത്തരമില്ല.

റാഞ്ചി: ഐപിഎല്ലില്‍ തുടരുമോയെന്ന് വ്യക്തമാക്കാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിക്കറ്റ് കീപ്പര്‍ എം എസ് ധോണി. ചെന്നൈ പ്ലേ ഓഫിലെത്താതെ പുറത്തായിട്ടും ധോണി ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഇതിനിടെ ധോണി സ്വന്തം നാടായ റാഞ്ചിയിലെത്തുകയും ചെയ്തു. ധോണി അടുത്ത സീസണ്‍ കളിക്കുമോ എന്നുള്ളത് ഐപിഎല്ലില്‍ പതിനേഴാം സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചോദ്യമായിരുന്നു. വരുന്ന രണ്ട് മാസത്തിനിടെ ധോണി തീരുമാനമെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

ചെന്നൈ പ്ലേ ഓഫില്‍ നിന്ന് പുറത്തായി രണ്ടുദിവസം കഴിഞ്ഞിട്ടും ടീം സിഇഒ കാശി വിശ്വനാഥനുപോലും ഇതിന് ഉത്തരമില്ല. ധോണി ഒന്നും പറഞ്ഞിട്ടില്ല. എല്ലാം ധോണി തീരുമാനിക്കും പോലെ എന്ന് മാത്രമാണ് ടീം മാനേജ്‌മെന്റിന്റെ ഔദ്യോഗിക മറുപടി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ തോല്‍വിക്ക് ശേഷം സിഎസ്‌കെ ക്യാംപ് വിട്ട ആദ്യതാരം ധോണിയാണ്. ബംഗളൂരുവില്‍ നിന്ന് ഞായറാഴ്ച രാവിലെ ധോണി റാഞ്ചിയിലേക്ക് പറന്നു.

കപ്പെടുത്തത് പോലെയാണല്ലൊ ആഘോഷം! ആര്‍സിബിയെ പരിഹസിച്ച് മുന്‍ സിഎസ്‌കെ താരം അമ്പാട്ടി റായുഡു

ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്തതാണ് കളത്തിനകത്തും പുറത്തും ധോണിയുടെ തീരുമാനങ്ങള്‍. ഇന്ത്യന്‍ ടീമില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനവും ഇങ്ങനെയായിരുന്നു. ഈ സീസണോടെ ഐപിഎല്ലില്‍ നിന്ന് ധോണി പടിയിറങ്ങുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. അത്തരം പലസൂചനകള്‍ നല്‍കിയെങ്കിലും ധോണി ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

കൊല്‍ക്കത്ത-ഹൈദരാബാദ് ക്വാളിഫയര്‍ മഴയെടുത്താന്‍ ആര് ഫൈനലിലെത്തും? അഹമ്മദാബാദിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

അടുത്ത സീസണില്‍ മെഗാ താരലേലമായതിനാല്‍ ധോണിയുടെ കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നുറപ്പാണ്. ടീമില്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്ന് നവംബറിന് മുന്‍പ് തീരുമാനിക്കേണ്ടിവരും. സി എസ് കെ ടീം ഉടമ എന്‍ ശ്രീനിവാസനുമായി ചര്‍ച്ച ചെയ്ത് 42കാരനായ ധോണി തീരുമാനം അറിയിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനല്ലാത്ത ധോണി ഇത്തവണ 14 കളിയില്‍ ആകെ 161 റണ്‍സാണ് നേടിയത്.