റാഞ്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണി വിരമിക്കണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ധോണി വിരമിക്കണമെന്ന് തുറന്നുപറഞ്ഞു. അതിനിടെ ധോണി ടീമില്‍ നിന്ന് രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെട്ടു. വിന്‍ഡീസ് പര്യടനത്തിന് അദ്ദേഹമുണ്ടാവില്ല. എന്നാല്‍ ധോണിക്ക് ഇപ്പോഴും കളിക്കാനുള്ള കായികക്ഷമതയുണ്ടെന്നാണ് ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി പറയുന്നത്.

ധോണിക്ക് അടുത്ത ടി20 ലോകകപ്പ് വരെ സജീവ ക്രിക്കറ്റില്‍ തുടരാന്‍ കഴിയുമെന്ന് ബാനര്‍ജി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ധോണിക്ക് ഇപ്പോഴും കളിക്കാനുള്ള കായികക്ഷമതയുണ്ട്. എന്നാല്‍ ധോണിയില്‍ ഏല്‍പ്പിക്കുന്ന ജോലിയുടെ ഭാരം നിയന്ത്രിക്കാന്‍ സെലക്റ്റര്‍മാര്‍ തയ്യാറാവണം. എനിക്ക് ധോണിയെ മറ്റാരേക്കാളും അറിയാം. ധോണി എപ്പോള്‍ വിരമിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല. എന്നാല്‍ ഒരു  കാര്യം ഉറപ്പാണ്. ധോണിയില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു.

ഋഷഭ് പന്തിനെ മികച്ച വിക്കറ്റ് കീപ്പറാക്കിയെടുക്കാന്‍ സാധിക്കും. ധോണിക്ക് അല്ലാതെ മറ്റാര്‍ക്കാണ് അത് സാധിക്കുക. ബിസിസിഐ എന്ത് ചിന്തിക്കുന്നുവെന്നും അറിയില്ല. അടുത്ത ടി20 ലോകകപ്പ് വരെ ധോണിയെ നിലനിര്‍ത്താന്‍ ബിസിസിഐ തയ്യാറാവണം.'' ബാനര്‍ജി പറഞ്ഞുനിര്‍ത്തി.