ഒരുഘട്ടത്തില്‍ 126-7 എന്ന സ്കോറിലേക്ക് വീണ ഇന്ത്യ എയെ അപരാജിത അര്‍ധസെഞ്ചുറി നേടിയ ധ്രൂവ് ജുറെലും കുല്‍ദീപ് യാദവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എക്ക് കൂട്ടത്തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെന്ന നിലയിലാണ്. ഒരുഘട്ടത്തില്‍ 126-7 എന്ന സ്കോറിലേക്ക് വീണ ഇന്ത്യ എയെ അപരാജിത അര്‍ധസെഞ്ചുറി നേടിയ ധ്രൂവ് ജുറെലും കുല്‍ദീപ് യാദവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. 117 പന്തില്‍ 79 റണ്‍സുമായി ജുറെലും 68 പന്തില്‍ 15 റണ്‍സുമായി കുല്‍ദീപും ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കക്കായി ടിയാന്‍ വാന്‍ വൂറന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷെപ്പോ മൊറേക്കിയും പ്രനെലാന്‍ സുബ്രായനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കത്തിലെ തകര്‍ന്നു

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ എക്ക് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭിമന്യു ഈശ്വരനെ(0) പുറത്താക്കിയ ഷെപ്പോ മൊറേക്കിയാണ് ഇന്ത്യ എയെ ഞെട്ടിച്ചത്. സായ് സുദര്‍ശനും കെ എല്‍ രാഹുലും ചേര്‍ന്ന് നല്ല തുടക്കമിട്ട് പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 37ല്‍ നില്‍ക്കെ രാഹുലിനെ(19) ടിയാന്‍ വാന്‍ വൂറന്‍ വീഴ്ത്തി. തൊട്ടുപിന്നാലെ സായ് സുദര്‍ശനെ(17) പ്രനെലാന്‍ സുബ്രായന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ദേവ്ദത്ത് പടിക്കലിനെ(5) കൂടി വീഴ്ത്തിയ വൂറന്‍ ഇന്ത്യയെ 59-4ലേക്ക് തള്ളിയിട്ടു. പിന്നീട് റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ സഖ്യമാണ് ഇന്ത്യ എയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരയകറ്റിയത്. ആദ്യ ദിനം ലഞ്ചിനുശേഷം റിഷഭ് പന്തിനെ(20 പന്തില്‍ 24) പുറത്താക്കിയ മൊറേക്കി ഇന്ത്യക്ക് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ഹര്‍ഷ് ദുബെയെ(14) കൂട്ടുപിടിച്ച് ധ്രൂവ് ജുറെല്‍ ഇന്ത്യയെ 100 കടത്തി.ഹര്‍ഷ് ദുബെയെ പുറത്താക്കി വൂറനും ആകാശ് ദീപിനെ(0) സുബ്രായനും മടക്കിയതോടെ ഇന്ത്യ 126-7ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, ഖലീല്‍ അഹമ്മദ്, കളിയിലെ താരമായ തനുഷ് കൊടിയാന്‍, അന്‍ഷുല്‍ കാംബോജ്, മാനവ് സുതാര്‍, ഗുര്‍നൂര്‍ ബ്രാര്‍, ആയുഷ് മാത്രെ എന്നിവര്‍ പുറത്തായപ്പോള്‍ ഓപ്പണറായി കെഎല്‍ രാഹുല്‍ ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക