ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെയും 63 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെയും 18 റണ്‍സെടുത്ത മാനവ് സുതാറിന്‍റെയും മൂന്ന് റണ്‍സെടുത്ത മുഹമ്മദ് സിറാജിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ധ്രുവ് ജുറെലിന്‍റെ അപരാജിത സെഞ്ചുറിയുടെയും റിഷഭ് പന്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ.രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 475 റണ്‍സെടുത്തിരുന്ന ഇന്ത്യൻ ഇന്നിംഗ്സ് ഇടക്ക് പെയ്ത മഴമൂലം നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു.മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് സെഞ്ചുറി പൂര്‍ത്തിയാക്കിയ ജുറെല്‍ 115 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ പ്രസിദ്ധ് കൃഷ്ണ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക രണ്ട് പന്ത് നേരിട്ടെങ്കിലും മഴയെത്തിയതോടെ രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചു.

ആറ് റണ്‍സെടുത്ത സാരാന്‍ഷ് ജെയിനിന്‍റെയും 63 റണ്‍സെടുത്ത റിഷഭ് പന്തിന്‍റെയും 18 റണ്‍സെടുത്ത മാനവ് സുതാറിന്‍റെയും മൂന്ന് റണ്‍സെടുത്ത മുഹമ്മദ് സിറാജിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ റിഷഭ് പന്ത്-ധ്രുവ് ജുറെല്‍ സഖ്യം 112 റണ്‍സ് കൂട്ടിച്ചേർത്തതാണ് ഇന്ത്യക്ക് 500 റണ്‍സ് കടക്കാൻ കരുത്തായത്.

രണ്ടാം ദിനം തുടക്കത്തിലെ സാരാൻഷ് ജെയിനിന്‍റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കൻ തന്ത്രങ്ങൾ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.രണ്ടാം ദിനം ശ്രീലങ്കൻ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യൻ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി. ആദ്യ സെഷനില്‍ സാരാൻഷ് ജെയിനിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു.

എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി. സുതാര്‍ മടങ്ങിയശേഷം സിറാജിനെ കൂട്ടുപിടിച്ച് ജുറെല്‍ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി.171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക