തന്നെ മാറ്റുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നായിരുന്നു കോലിയുടെ വാദം. ഇക്കാര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) കള്ളം പറയുകയായിരുന്നുവെന്നും കോലി ആരോപിച്ചു. ഗാംഗുലിയാവട്ടെ സെലക്റ്റര്‍മാര്‍ക്കൊപ്പമാണ് നിന്നത്.
ദില്ലി: ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് (SAvIND) പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പാണ് വിരാട് കോലിയെ (Virat Kohli) ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. മാറ്റിയവിധം കോലിക്ക് ഇഷ്ടമായതുമില്ല. ഈ അതൃപ്തി കോലി പരസ്യമായി പ്രകടമാക്കുകയും ചെയ്തു. തന്നെ മാറ്റുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നായിരുന്നു കോലിയുടെ വാദം. ഇക്കാര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) കള്ളം പറയുകയായിരുന്നുവെന്നും കോലി ആരോപിച്ചു. ഗാംഗുലിയാവട്ടെ സെലക്റ്റര്‍മാര്‍ക്കൊപ്പമാണ് നിന്നത്.
ഇപ്പോള്‍ ഗാംഗുലിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായ ദിലിപ് വെങ്‌സര്‍ക്കാര്‍. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''പ്രൊഫഷണലായി ബിസിസിഐ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയമായിരുന്നിത്. ഇത്തരത്തില്‍ സംഭവിക്കാനും പാടില്ലായിരുന്നു. ഗാംഗുലി ബിസിസിഐ പ്രസിഡന്റാണ്. അതുകൊണ്ടുതന്നെ സലക്ടര്‍മാര്‍ക്ക് വേണ്ടി ഗാംഗുലി സംസാരിക്കേണ്ട കാര്യമില്ല. സെലക്ടര്‍മാര്‍ക്ക് വേണ്ടി സംസാരിച്ചതോടെ ഗാംഗുലി എരിതിയീല്‍ എണ്ണയൊഴിക്കുകയാണ് ചെയ്തത്. ടീം സെലക്ഷനെ കുറിച്ചും ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ചെല്ലാം സംസാരിക്കേണ്ടത് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാണ്.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞു.
ഇക്കാര്യങ്ങളൊന്നും ഗാംഗുലിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. ''ഗാംഗുലി പ്രതികരിച്ചതുകൊണ്ടാണ് കോലിക്ക് തന്റെ ഭാഗം വ്യക്തമാക്കേണ്ടി വന്നത്. സെലക്ഷന്‍ കമ്മിറ്റിയും കോലിയും മാത്രം സംസാരിക്കേണ്ട വിഷയമായിരുന്നത്. ഒന്നും ഗാംഗുലിയുടെ അധികാരപരിധിയില്‍ വരുന്നതല്ല. കാരണം ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതും നീക്കുന്നതും സെലക്ടര്‍മാരാണ്, ബിസിസിഐ അല്ല.'' വെങ്‌സര്‍ക്കാര്‍ പറഞ്ഞുനിര്‍ത്തി.
കോലിക്ക് പകരം രോഹിത് ശര്‍മയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ വൈസ് ക്യാപ്റ്റനുമായി. മാത്രമല്ല, ടെസ്റ്റില്‍ രോഹിത്തിനെ വൈസ് ക്യാപ്റ്റനുമാക്കി. ടെസ്റ്റില്‍ മാത്രമാണ് കോലി നിലവില്‍ ഇന്ത്യയെ നയിക്കുന്നത്.
