വിരമിക്കൽ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിൽ തിരിച്ചെത്തി ദിനേശ് കാർത്തിക്; ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലേക്ക്
കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു, ഇത്തവണ ആഫ്രിക്കയിലാണ് എന്നാണ് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചത്.
ജൊഹാനസ്ബര്‍ഗ്: വിരമിക്കല്‍ തീരുമാനം പിൻവലിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഐപിഎല്‍ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കമന്‍ററിയില്‍ തുടര്‍ന്ന കാര്‍ത്തിക് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗീല്‍ കളിക്കാന്‍ തീരുമാനിച്ചു. അടുത്ത ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിക്കാനാണ് കാര്‍ത്തിക് കരാറൊപ്പിട്ടത്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് കാര്‍ത്തിക്.
കളിക്കാരനായി വീണ്ടും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നു, ഇത്തവണ ആഫ്രിക്കയിലാണ് എന്നാണ് ദിനേശ് കാര്‍ത്തിക് എക്സ് പോസ്റ്റില്‍ കുറിച്ചത്. ബാറ്റര്‍, കീപ്പര്‍, ഫിനിഷര്‍ റോയല്‍സ് കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു പാള്‍ റോയല്‍സിന്‍റെ എക്സ് പോസ്റ്റ്.
ദക്ഷിണാഫ്രിക്കൻ ട20 ലീഗിന്‍റെ ബ്രാന്‍ഡ് അംബാസഡറായതിന് പിന്നാലെയാണ് പാള്‍ റോയല്‍സിനായി കളിക്കാന്‍ കാര്‍ത്തിക് കരാറൊപ്പിട്ടത് എന്നതാണ് ശ്രദ്ധേയം. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലേയേഴ്സിനൊപ്പം വീണ്ടും കളിക്കാന്‍ അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവസരം വന്നപ്പോള്‍ വേണ്ടെന്ന് പറയാന്‍ തോന്നിയില്ലെന്നും കാരണം മത്സരം ക്രിക്കറ്റ് കളിക്കുക എന്നത് എല്ലായ്പ്പോഴും തന്‍റെ ആഗ്രഹമാണെന്നും കാര്‍ത്തിക് പറഞ്ഞു.
Entering the ground again as a player. This time in Africa 🇿🇦 https://t.co/Snn910oIcg
— DK (@DineshKarthik) August 6, 2024
2022ലെ ടി20 ലോകകപ്പിലാണ് കാര്‍ത്തിക് അവസാനമായി ഇന്ത്യക്കായി കളിച്ചത്. പിന്നീട് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളി തുടര്‍ന്ന 39കാരനായ കാര്‍ത്തിക് കഴിഞ്ഞ സീസണൊടുവില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു. 257 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ച കാര്‍ത്തിക് ഇന്ത്യക്കായി 27 ടെസ്റ്റിലും 94 ഏകദിനങ്ങളിലും 60 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്‍റിലെ കമന്‍റേറ്ററാണ് കാര്‍ത്തിക്. കഴിഞ്ഞ സീസണില്‍ അംബാട്ടി റായുഡു കരീബിയന്‍ പ്രീമിയര്‍ ലീഗിലും റോബിന്‍ ഉത്തപ്പയും യൂസഫ് പത്താനും ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലും കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക