ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്തിയ ഒരു താരം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്ന് ദിനേശ് കാര്‍ത്തിക് പറയുന്നു 

കൊല്‍ക്കത്ത: 2022 ടി20 ലോകകപ്പിനുള്ള(2022 T20 World Cup) ഇന്ത്യന്‍ ടീമിലെ(Team India) അഭിഭാജ്യ ഘടകമായിരിക്കും ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍(Yuzvendra Chahal) എന്ന് വിക്കറ്റ് കീപ്പറും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്(Dinesh Karthik). അടുത്ത വര്‍ഷം ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. യുഎഇയില്‍ അവസാനിച്ച ഇത്തവണത്തെ ലോകകപ്പില്‍ ചാഹലിനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. 

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അവസരം ലഭിച്ചതോടെയാണ് യുസ്‌വേന്ദ്ര ചാഹല്‍ ടീം ഇന്ത്യയുടെ ടി20 പദ്ധതികളില്‍ വീണ്ടും സജീവമായത്. ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ചാഹലിന് ഇന്ത്യന്‍ കുപ്പായമണിയാന്‍ ആദ്യമായി അവസരം ലഭിക്കുകയായിരുന്നു. യുഎഇയിലെ ടി20 ലോകകപ്പില്‍ ചാഹലിനെ മറികടന്ന് സ്‌പിന്നര്‍ രാഹുല്‍ ചഹാറിനെയാണ് ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തിയ യുസ്‌വേന്ദ്ര ചാഹലിനെക്കുറിച്ച് ദിനേശ് കാര്‍ത്തിക്കിന്‍റെ വാക്കുകള്‍ ഇങ്ങനെ. 'ചാഹല്‍ തിരിച്ചെത്തിയത് കാണുന്നത് വലിയ കാര്യമാണ്. അദേഹം തന്‍റെ പ്രതിഭ കാട്ടി. ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാംപാദത്തില്‍ ബൗള്‍ ചെയ്‌ത രീതി ചാഹലിനെ യഥാര്‍ഥ ചാമ്പ്യനാകുന്നു. ഇന്ത്യയിലെ മുന്‍നിര ലെഗ്‌ സ്‌പിന്നറാണ് അദേഹം. ചെസ് താരം കൂടിയായതിനാല്‍ മറ്റുള്ളവരേക്കാള്‍ ചുവടുകള്‍ വയ്‌ക്കാന്‍ ചാഹലിനാകും. അതിനാല്‍ ഞാന്‍ താരത്തെ എന്നും കൂടുതല്‍ റേറ്റ് ചെയ്യുന്നു. 

മികച്ച പ്രതിഭയും വേരിയേഷനുകളും ഉള്ള ചാഹല്‍ ധൈര്യശാലിയായ ബൗളര്‍ കൂടിയാണ്. ഐപിഎല്ലില്‍ 2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 10 ലക്ഷം രൂപയ്‌ക്കാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ അതിലേറെ മൂല്യത്തിലേക്ക് താരം വളര്‍ന്നുകഴിഞ്ഞു. ചാഹലിനെ ഫ്രാഞ്ചൈസി നിലനിര്‍ത്തും എന്നാണ് പ്രതീക്ഷ. വിദേശത്തും ചാഹല്‍ മികച്ച ബൗളറാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ വിമാനത്തില്‍ ചാഹലുണ്ടാകും എന്ന് എനിക്കുറപ്പാണ്. രോഹിത്തിന് അവനെ ഏറെ വിശ്വാസമാണ്. കളത്തിലും പുറത്തും നല്ല ബന്ധമാണ് ഇരുവരും തമ്മിലുള്ളത്' എന്നും കാര്‍ത്തിക് പറഞ്ഞു. 

IND vs NZ | 'രോഹിത് ശര്‍മ്മയേക്കാള്‍ ക്രിക്കറ്റ് മനസിലാക്കിയ ക്യാപ്റ്റന്‍മാര്‍ വിരളം'; വാഴ്‌ത്തിപ്പാടി ചോപ്ര

ഐപിഎല്‍ 2021ന്‍റെ യുഎഇ ഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ചാണ് യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്തിയത്. ഇന്ത്യന്‍ ഘട്ടത്തില്‍ ഏഴ് മത്സരങ്ങളില്‍ നാല് വിക്കറ്റ് മാത്രമാണ് നേടിയതെങ്കില്‍ യുഎഇയില്‍ എത്തിയപ്പോള്‍ എട്ട് കളികളില്‍ 14 വിക്കറ്റ് വാരി. ഇന്ത്യയിലെ ഇക്കോണമി 8.26 ഉം യുഎഇയിലേത് 7.06 ഉം. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ തിരിച്ചുവരവില്‍ നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ അര്‍ധ സെഞ്ചുറിവീരന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കി.

IND vs NZ | ചുമതലയെക്കുറിച്ച് ധാരണക്കുറവ്, ബാറ്റിംഗിന് ഒഴുക്കുമില്ല; ഇന്ത്യന്‍ ബാറ്ററെ വിമര്‍ശിച്ച് വെട്ടോറി