മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദിനേശ് മോംഗിയ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനത്തിലൂടെയാണ് മോംഗിയ അരങ്ങേറിയത്. 57 ഏകദിനങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 1230 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 14 വിക്കറ്റുകളും ഇന്ത്യക്കായി നേടിയിട്ടുണ്ട്. 2002ല്‍ ഗുവാഹത്തിയില്‍ സിംബാബ്‌വെയ്‌ക്കെതിരെ പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 

2006ല്‍ ഒരു ടി20യും ഇന്ത്യക്ക് വേണ്ടി കളിച്ചു. 45 പന്തുകള്‍ നേരിട്ട താരം 38 റണ്‍സ് നേടിയിരുന്നു. 2007ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മോംഗിയയുടെ അവസാന ഏകദിനം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ മോംഗിയക്ക് അവസരം ലഭിച്ചിട്ടില്ല. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് ക്ലബുമായി കരാര്‍ ഒപ്പിട്ടതിന് താരത്തെ ബിസിസിഐ വിലക്കിയിരുന്നു. 

ലീഗില്‍ കളിച്ച പല താരങ്ങളും വിശദീകരണം നല്‍കി ക്രിക്കറ്റില്‍ സജീവമായെങ്കിലും മോംഗിയ പിന്നീട് തിരിച്ചുവന്നില്ല. 121 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 21 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ സെലക്റ്ററായിരുന്നു മോംഗിയ.