വിശാഖപട്ടണം: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുമ്പ് നിരാശപ്പെടുത്തുന്ന വാര്‍ത്ത. മത്സരം നടക്കുന്ന വിശാഖപട്ടണത്ത് അടുത്ത ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മത്സത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളുടെ ഭൂരിഭാഗം സമയവും മഴയെടുക്കും. പിന്നീടുള്ള ദിവസങ്ങളില്‍ ഭാഗികമായി മഴ മത്സരം തടസപ്പെത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം പുറത്തുവിടുന്ന വിവരം.

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍- ദക്ഷിണാഫ്രിക്ക സന്നാഹ മത്സരം മഴ കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിജയനഗരത്തിലായിരുന്നു മത്സരം. വിശാഖപട്ടണത്തിന്റെ 50 കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ പ്രദേശം. കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം ശരിയാവുകയാണെങ്കില്‍ ആദ്യമത്സരത്തിന് ഫലമുണ്ടായേക്കില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ശക്തമായ മഴയാണ് വിശാഖപട്ടണത്ത്. 

ഇതിന് മുമ്പ് ഒരു ടെസ്റ്റ് മത്സരം മാത്രമാണ് വിശാഖപട്ടണം വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ നടന്നത്. നവംബര്‍ 17ന് ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 246 റണ്‍സിന് വിജയിച്ചിരുന്നു. അന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 455 റണ്‍സ് നേടിയിരുന്നു. വിരാട് കോലിയുടെ സെഞ്ചുറിയും ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമായിരുന്നു അന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന ട്രാക്കില്‍ ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കും.