Asianet News MalayalamAsianet News Malayalam

ചീത്തവിളി കേട്ട് മടുത്ത് സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുത്തു; വിശാഖപട്ടണത്ത് അരങ്ങേറ്റം?

കാത്തുകാത്തിരുന്ന് മടുത്ത് സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക്, ഇന്ത്യന്‍ എയ്ക്കായി നേടിയ സെഞ്ചുറി തുറുപ്പുചീട്ടായി 

Does Sarfaraz Khan will make his debut in the 2nd Test against England at Visakhapatnam
Author
First Published Jan 29, 2024, 5:42 PM IST

വിശാഖപട്ടണം: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ യോഗ്യന്‍ എന്ന് പല തവണ ബാറ്റ് കൊണ്ട് ഉറക്കെ പറഞ്ഞിട്ടും ബിസിസിഐ സെലക്ടര്‍മാരുടെ കണ്ണില്‍ പതിയാതിരുന്ന താരം. ഒടുവില്‍ സര്‍ഫറാസ് ഖാന്‍ എന്ന മുംബൈയുടെ 26 വയസുകാരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. സര്‍ഫറാസിനെ മുമ്പ് പലകുറി തഴഞ്ഞതില്‍ ആരാധകരുടെ ചീത്തവിളി ഏറെ കേട്ട ശേഷമാണ് താരത്തിന് അവസരം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന് ടെസ്റ്റ് വിളി വന്നത്.  

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടക്കേണ്ട രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡിലേക്കാണ് സര്‍ഫറാസ് ഖാന്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നത്. സര്‍ഫറാസിനൊപ്പം സൗരഭ് കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലെത്തി. ഹൈദരാബാദിലെ ആദ്യ ടെസ്റ്റിനിടെ രവീന്ദ്ര ജഡേജയ്ക്കും കെ എല്‍ രാഹുലിനും പരിക്കേറ്റതോടെയാണ് സ്ക്വാ‍ഡില്‍ അപ്രതീക്ഷിത മാറ്റമുണ്ടായത്.  വിശാഖപട്ടണത്ത് ഫെബ്രുവരി രണ്ടിന് തുടങ്ങാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് പൊസിഷനില്‍ സര്‍ഫറാസിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് വിരാട് കോലിയുടെ പകരക്കാരനായി രജത് പാടിദാറിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയപ്പോഴും സര്‍ഫറാസിനെ പരിഗണിക്കാതിരുന്നത് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ദിവസങ്ങള്‍ മാത്രം മുമ്പ് രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്കായി 160 പന്തില്‍ 161 റണ്‍സ് നേടിയതോടെ സര്‍ഫറാസിനെ ബിസിസിഐയുടെ സീനിയര്‍ സെലക്ടര്‍മാര്‍ക്ക് തഴയാന്‍ കഴിയാതെ വരികയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് മുംബൈയുടെ സര്‍ഫറാസ് ഖാന്‍. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ 66 ഇന്നിംഗ്സുകളില്‍ നിന്ന് 69.85 ശരാശരിയില്‍ 3912 റണ്‍സാണ് താരം അടിച്ചൂകൂട്ടിയത്. 14 സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും നേടിയപ്പോള്‍ പുറത്താവാതെ നേടിയ 301 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 37 ലിസ്റ്റ് എ മത്സരങ്ങളില്‍ 34.94 ശരാശരിയില്‍ 629 റണ്‍സും സര്‍ഫറാസിനുണ്ട്. 2014 ഡിസംബറില്‍ ബംഗാളിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചിട്ടും സര്‍ഫറാസിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്താന്‍ 2024 വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. ലിസ്റ്റ് എ ക്രിക്കറ്റിലും 2014ല്‍ താരം അരങ്ങേറിയിരുന്നു. 2014ല്‍ യുഎഇ വേദിയായ അണ്ടര്‍ 19 ലോകകപ്പ് സ്ക്വാഡിലുമുണ്ടായിരുന്നു താരം.  

Read more: ജഡേജയും രാഹുലും പുറത്ത്! രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഇരട്ടപ്രഹരം; പകരക്കാരെ അറിയാം, സര്‍ഫറാസ് ടീമില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios