Asianet News MalayalamAsianet News Malayalam

കോലിയുടെ വിക്കറ്റെനിക്ക് സ്‌പെഷ്യലാണ്, അതിനേക്കാള്‍ സന്തോഷം മറ്റൊന്ന്; വ്യക്തമാക്കി ഡോം ബെസ്സ്

വമ്പന്‍ മീനുകളെ തന്നെയാണ് ബെസ്സ് വലയിലാക്കിയത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ബെസ്സിന് മുന്നില്‍ കീഴടങ്ങിയത്.
 

Dom Bess wicket of Kohli gives special pleasurer
Author
Chennai, First Published Feb 8, 2021, 7:56 AM IST

ചെന്നൈ: ഇന്ത്യയില്‍ അരങ്ങേറ്റ പരമ്പരയ്‌ക്കെത്തിയ ഇംഗ്ലീഷ് സ്പിന്നര്‍ ഡൊമിനിക് ബെസ്സിന് ചെന്നൈ ടെസ്റ്റ് മറക്കാന്‍ കഴിയില്ല. ഇന്ത്യക്ക് നഷ്ടമായ ആറ് വിക്കറ്റുകളില്‍ നാലും നേടിയത് ബെസ്സ് ആയിരുന്നു. 55 റണ്‍സ് വിട്ടുകൊടുത്താണ് 23കാരന്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയത്. വമ്പന്‍ മീനുകളെ തന്നെയാണ് ബെസ്സ് വലയിലാക്കിയത്. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരാണ് ബെസ്സിന് മുന്നില്‍ കീഴടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത് ബെസ്സ് തന്നെയായിരുന്നു. 

നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വീഴ്ത്താനായത് ഇരട്ടി സന്തോഷം നല്‍കുന്നുവെന്ന് ബെസ്സ് വ്യക്തമാക്കി. മൂന്നാം ദിവസത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെസ്സിന്റെ വാക്കുകള്‍... ''എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ വിക്കറ്റാണ് കോലിയുടേത്. തീര്‍ച്ചയായും ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് കോലി. അതുകൊണ്ട് തന്നെ ആ വിക്കറ്റ് സ്‌പെഷ്യലാണ്. വിക്കറ്റ് നേടാന്‍ വേണ്ടി ആലോചിച്ച പദ്ധതിയാണ് എന്നെ കൂടുതല്‍ ആഹ്ലാദിപ്പിക്കുന്നത്. 

ഒരു മാന്ത്രിക പന്ത് എറിയുക എന്നുള്ളതല്ല. മറിച്ച്, 10- 15 പന്തുകള്‍ കൃത്യമായി ലൈനിലും ലെങ്തിലും എറിഞ്ഞ് ബാറ്റ്‌സ്മാനെ കുരുക്കുകയെന്നത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു സ്‌പോട്ട് കണ്ടെത്തിയിരുന്നു. ആ കെണിയില്‍ കോലി വീഴുകയും ചെയ്തു.'' ബെസ്സ് പറഞ്ഞു. 

വിക്കറ്റ് നേടിയ പന്തിന് മുമ്പ് മൂന്ന് ഓവറുകള്‍ ഇംഗ്ലീഷ് സ്പിന്നര്‍ കോലിക്ക് എറിഞ്ഞിരുന്നു. കാര്യമായൊന്നും ചെയ്യാന്‍ കോലിക്ക് സാധിച്ചതുമില്ല. എന്നാല്‍ വിക്കറ്റ് നഷ്്ടമായ പന്ത് കോലിക്ക് ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചില്ല. ഷോര്‍ട്ട് ലെഗില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. 

കരിയറില്‍ ഏറ്റവും മനോഹരമായി പന്തെറിയുന്നത് ഇപ്പോഴാണെന്നാണ് എന്റെ തോന്നലെന്നും ബെസ്സ് പറഞ്ഞു. ''കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ നല്ല രീതിയില്‍ തയ്യാറെടുക്കാന്‍ സാധിച്ചിരുന്നില്ല.'' ബെസ്സ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios